ഓവുചാല്‍ നിര്‍മ്മാണത്തില്‍ മെല്ലെപ്പോക്ക്: മൊഗ്രാല്‍ ടൗണില്‍ ഗതാഗത തടസ്സം പതിവായി
ഓവുചാല്‍ നിര്‍മ്മാണം മൂലം ഗതാഗത തടസ്സം നേരിടുന്ന മൊഗ്രാല്‍ ടൗണ്‍
മൊഗ്രാല്‍: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ടൗണില്‍ നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണത്തില്‍ മെല്ലെപോക്കെന്ന് പരാതി. തിരക്കേറിയ സര്‍വീസ് റോഡില്‍ ഗതാഗത സ്തംഭനം പതിവായി. ടൗണിലെ അവശേഷിച്ച 200 മീറ്ററോളം വരുന്ന ഓവുചാല്‍ നിര്‍മ്മാണത്തിന്റെ ജോലിയാണ് രണ്ടാഴ്ചയോളമായി നടന്നുവരുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി. ജോലികള്‍ മൊഗ്രാല്‍ അടിപാതയ്ക്ക് സമീപമായതിനാല്‍ തന്നെ ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്. ഇവിടെ സര്‍വീസ് റോഡില്‍ ഒരു വാഹനത്തിന് മാത്രം പോകാവുന്ന തരത്തില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ യാത്രക്കാരെ കയറ്റാന്‍ സമീപത്ത് ബസുകളും മറ്റും നിര്‍ത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാവുന്നുമുണ്ട്. സ്‌കൂള്‍ റോഡിലേക്ക് അടിപ്പാത വഴി പോകാനും വരാനുമുള്ള സര്‍വീസ് റോഡിന് സമീപമാണ് ഓവുചാല്‍ നിര്‍മ്മാണം നടക്കുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നട യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. സ്‌കൂള്‍ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്. ഇതുവഴി 'ഗ്രാമ വണ്ടിയും' സര്‍വീസ് നടത്തുന്നുണ്ട്. പോരാത്തതിന് കിന്‍ഫ്ര, അനന്തപുരം, കെല്‍ തുടങ്ങിയ വ്യവസായ, വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള വാഹനവും സ്‌കൂള്‍ റോഡ് വഴി പോകുന്നുണ്ട്. ഓവുചാല്‍ നിര്‍മ്മാണം മന്ദഗതിയിലായതോടെ ഇവിടെ വാഹന ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. ടൗണ്‍ പരിസരമായതിനാല്‍ തുടങ്ങിവെച്ച നിര്‍മ്മാണ ജോലികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.