'കടലമ്മ' പാടി വേടന്‍ എത്തി; തിരയിളക്കം പോലെ ആര്‍ത്തിരമ്പി പതിനായിരങ്ങള്‍

തിക്കിലും തിരക്കിലും നിരവധിപേര്‍ക്ക് പരിക്ക്; ഗതാഗതക്കുരുക്ക് നീങ്ങിയത് പുലര്‍ച്ചെ രണ്ടുമണിയോടെ;

Update: 2025-12-30 07:58 GMT

ബേക്കല്‍: കടല്‍ പതിയെ ശാന്തമായി തുടങ്ങിയതാണ്. അതിനിടെയാണ് കരയില്‍ തിരയിളക്കം പോലെ ആള്‍ക്കൂട്ടം ആര്‍ത്തിരമ്പിയെത്തിയത്. ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ പത്താം ദിനമായ ഇന്നലെ രാത്രി ഒമ്പതരയോടെ റാപ്പര്‍ വേടന്‍ (ഹിരണ്‍ ദാസ് മുരളി) വേദിയിലെത്തുമ്പോള്‍ ബേക്കല്‍ ബീച്ചില്‍ ആള്‍ക്കടല്‍ രൂപപ്പെട്ടിരുന്നു. വേടനെ അരികില്‍ കാണാനായി പിന്നിലുണ്ടായിരുന്ന പലരും മുന്നിലുള്ളവരെ തള്ളി മുന്നോട്ട് നീങ്ങിയപ്പോള്‍ വേദിക്കരികില്‍ ഏറെനേരം ഉന്തും തള്ളുമുണ്ടായി. ആസ്വാദകരോട് സംയമനം പാലിക്കാന്‍ ഗായകന്‍ വേടന്‍ തന്നെ പലതവണ വിളിച്ചുപറഞ്ഞു. തിക്കിലും തിരക്കിലും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലര്‍ക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അസ്വസ്ഥതയുണ്ടായി. ഇവരില്‍ പലരും ആസ്പത്രികളില്‍ ചികിത്സ തേടി. സംഘാടകര്‍ കണക്ക് കൂട്ടിയതിലും ഏറെപേരാണ് വേടനെ ശ്രവിക്കാനെത്തിയത്. കനത്ത പൊലീസ് കാവല്‍ ഒരുക്കിയിരുന്നുവെങ്കിലും നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തിലായിരുന്നു ആസ്വാദകരുടെ ഒഴുക്ക്. ഒടുവില്‍ പൊലീസ് ഇടപ്പെട്ട് പത്തരയോടെ പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബീച്ച് പാര്‍ക്ക് മുതല്‍ ബേക്കല്‍ വരെ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. നാല് മണിക്കൂറിലേറെ കാത്തിരുന്നാണ് പല വാഹനങ്ങളും പള്ളിക്കര ഗേറ്റ് മറികടന്നത്. ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ മൂന്ന് പതിപ്പുകളിലുമായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയത് ഇന്നലെ രാത്രിയായിരുന്നു. വിശാലമായ സ്ഥല സൗകര്യമുണ്ടായിട്ടും പലരും വേടനെ തൊട്ടരികില്‍ കാണാനായി തള്ളി മുന്നോട്ട് നീങ്ങിയതാണ് പലര്‍ക്കും പരിക്കേല്‍ക്കാന്‍ കാരണമായത്. ജില്ലാ പൊലീസ് മേധാവി വി.ബി വിജയ് ഭാരത് റെഡ്ഡി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിലുള്ള സംഗീതവിരുന്ന് ഇന്നലെ സന്ധ്യക്ക് അരങ്ങേറി.

Similar News