കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് പരിശോധനയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി; അന്വേഷണം തുടരും
ജീവനക്കാര്‍ക്ക് അഡ്വാന്‍സായി അനുവദിച്ച തുക തിരിച്ച് പിടിക്കുകയോ ബില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല;
കാസര്‍കോട്: നഗരസഭാ ഓഫീസില്‍ വെള്ളിയാഴ്ച വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. വിവിധ ആവശ്യങ്ങള്‍ക്കായി 2020-25 കാലയളവില്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി അനുവദിച്ച 37,21,088 രൂപയുടെ നിശ്ചിത ബില്‍ ഹാജരാക്കിയതായോ തുക പലിശ സഹിതം തിരിച്ച് അടച്ചതായോ കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ വിശദമായ അന്വേഷണം തുടരും. ജീവനക്കാര്‍ക്ക് അടിയന്തര ഓഫീസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അഡ്വാന്‍സ് തുക നല്‍കാറുണ്ട്. ഈ തുക മൂന്നുമാസത്തിനുള്ളില്‍ തിരിച്ചടക്കുകയോ തുക ചെലവഴിച്ചതിനുള്ള ബില്‍ ഹാജരാക്കുകയോ ചെയ്യണമെന്നാണ് നിയമം. അല്ലാത്ത പക്ഷം 18 ശതമാനം പലിശ സഹിതം ജീവനക്കാരന് തിരിച്ചടക്കണമെന്നുമാണ് നിയമം.
എന്നാല്‍ നഗരസഭയില്‍ 2019 മുതല്‍ ജീവനക്കാര്‍ക്ക് നല്കിയ അഡ്വാന്‍സ് തുകയില്‍ 15 ലക്ഷത്തോളം രൂപ തിരിച്ചടക്കുകയോ ബില്‍ ഹാജരാക്കുകയോ ചെയ്യാതെ ക്രമക്കേട് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന.
അതാത് സമയങ്ങളില്‍ നടപടി സ്വീകരിക്കേണ്ടിയിരുന്ന മുനിസിപ്പല്‍ സെക്രട്ടറിമാരുടെ ഒത്താശയോടെയാണ് അഡ്വാന്‍സ് തിരിച്ചടക്കാത്തതെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ പരിശോധിക്കുന്നതിനായാണ് മിന്നല്‍ പരിശോധന നടത്തിയത്.
ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം തുടരുമെന്ന് ഡി.വൈ.എസ്.പി വി. ഉണ്ണികൃഷ്ണന് പറഞ്ഞു. പരിശോധനയ്ക്ക് എ.എസ്.ഐമാരായ സന്തോഷ് ജോണ്‍, എം ജയചന്ദ്രന്, ഇ.വി ശ്രീജിത്ത്, സി.പി.ഒ രതീഷ്, ഓഡിറ്റ് ഓഫീസര്‍ പി. ഗോപാലകൃഷ്ണന് എന്നിവരും പരിശോധാന സംഘത്തില്‍ ഉണ്ടായിരുന്നു.