ബേക്കല്‍ കോട്ടയുടെയും ബേക്കല്‍ ബീച്ചിന്റെയും മനോഹാരിത നുകരാന്‍ മണിരത്‌നവും മനീഷ കൊയ്‌രാളയും വീണ്ടുമെത്തി

Update: 2025-12-20 08:01 GMT

പ്രശസ്ത സംവിധായകന്‍ മണിരത്‌നം, നടി മനീഷ കൊയ്‌രാള, ഛായാഗ്രാഹകന്‍ രാജീവ് മേനോന്‍ എന്നിവര്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. എന്നിവരുടെ കൂടെ ഇന്ന് രാവിലെ ബേക്കല്‍കോട്ട സന്ദര്‍ശിക്കുന്നു

കാസര്‍കോട്: ബേക്കല്‍ കോട്ടയുടെയും ബേക്കല്‍ ബീച്ചിന്റെയും മനോഹാരിത നുകരാന്‍ പ്രശസ്ത സംവിധായകന്‍ മണിരത്‌നവും നടി മനീഷ കൊയ്‌രാളയും ഛായാഗ്രഹകന്‍ രാജീവ് മേനോനും വീണ്ടും ബേക്കലിലെത്തി. ഇവര്‍ക്ക് നാട് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. ബോംബെ സിനിമയുടെയും ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് ഇവര്‍ ഇന്നലെ ജില്ലയിലെത്തിയത്. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനൊപ്പം ഇവര്‍ ഇന്ന് രാവിലെ ബേക്കല്‍ കോട്ട സന്ദര്‍ശിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ബി.ആര്‍.ഡി.സി ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബേക്കല്‍ ബീച്ചില്‍ നടക്കുന്ന മൂന്നാമത് ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ അതിഥികളായും ഇവര്‍ പങ്കെടുക്കും. ടൂറിസം വകുപ്പിന്റെ പദ്ധതിയായ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇടപെട്ടാണ് മണിരത്‌നത്തെയും മനീഷ കൊയ്രാളയേയും ബേക്കലിലെത്തിച്ചത്.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനമായ 'ഉയിരേ...ഉയിരേ...' ചിത്രീകരിച്ചത് 30 വര്‍ഷം മുമ്പ് ബേക്കല്‍ കോട്ടയിലും പരിസരത്തുമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ചും വലതുവശത്ത് കടലിലേക്ക് കൈനീട്ടിയ കൊത്തളങ്ങളുമൊക്കെയുള്ള കോട്ടയെയും ലോകമാകെ പരത്തിയത് 'ബോംബെ' സിനിമയാണ്. സിനിമ റീലീസ് ചെയ്ത വര്‍ഷം തന്നെയാണ് ബേക്കലിലെ ടൂറിസം പദ്ധതികള്‍ പ്രമോട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ബേക്കല്‍ റീസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) രൂപീകരിച്ചതെന്നും പ്രത്യേകതയുണ്ട്. അരവിന്ദ് സാമി അവതരിപ്പിച്ച ശേഖര്‍ നാരായണപ്പിള്ളയും മനീഷ അവതരിപ്പിച്ച ഷൈല ഭാനുവും തമ്മിലുള്ള പ്രണയത്തിന്റെ നിര്‍ണായക മുഹൂര്‍ത്തമാണ് ബേക്കലില്‍ ചിത്രീകരിച്ച ഈ പാട്ടിലൂടെ തെളിയുന്നത്. മനീഷ കൊയ്‌രാള കുടുംബസമേതമാണ് കാസര്‍കോട്ടെത്തിയത്. മലാംകുന്നിലെ താജ് ഗേറ്റ്‌വെ റിസോര്‍ട്ടിലെത്തിയ ഇവരെ ബി.ആര്‍.ഡി.സി ഉദ്യോഗസ്ഥരും ഹോട്ടല്‍ അധികൃതരും സ്വീകരിച്ചു. ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഇന്ന് മുതല്‍ 31 വരെ നടക്കും.

Live Updates
2025-12-20 08:06 GMT

നടി മനീഷ കൊയ്‌രാളയും സംവിധായകന്‍ മണിരത്‌നവും ബേക്കല്‍ കോട്ടയില്‍

Similar News