മുളിയാര്‍ എ.ബി.സി കേന്ദ്രം; ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും രണ്ട് തട്ടില്‍

താത്കാലികമായി അടച്ചുപൂട്ടണമെന്ന് ജില്ലാ പഞ്ചായത്ത്; കൈമലര്‍ത്തി മൃഗസംരക്ഷണ വകുപ്പ്;

Update: 2025-09-19 07:34 GMT

കാസര്‍കോട്: തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കാന്‍ മുളിയാറില്‍ പ്രവര്‍ത്തിച്ചുവരുന്ന എ.ബി.സി കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കേന്ദ്രം താത്കാലികമായി അടച്ചുപൂട്ടാനുള്ള നീക്കവുമായി ജില്ലാ പഞ്ചായത്തും മുളിയാര്‍ ഗ്രാമപഞ്ചായത്തും. കഴിഞ്ഞ ദിവസം മുളിയാര്‍ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ ജില്ലാ ഓഫീസര്‍ക്കോ യാതൊരു അറിയിപ്പും ലഭിച്ചില്ല. എ.ബി.സി കേന്ദ്രത്തിലെത്തിക്കുന്ന നായകളുടെ കരച്ചിലും ദുര്‍ഗന്ധവും കാരണമാണ് പ്രദേശവാസികള്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് നായകളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകള്‍ ജനവാസമില്ലാത്ത മറ്റൊരു പ്രദേശത്ത് സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായുള്ള സ്ഥലം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കും. ഈ മാസം 23ന് ശേഷം തെരുവുനായകളെ പിടികൂടുന്നത് താത്കാലികമായി നിര്‍ത്തിവെക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് മേല്‍നോട്ടം വഹിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ മുതിര്‍ന്ന ഉ്ദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ല.

1.56 കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് ത്ര്ിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിര്‍മിച്ച കേന്ദ്രം കഴിഞ്ഞ മെയ് 19നാണ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തത്. തെരുവുനായകളെ പിടികൂടാന്‍ പുറത്ത് നിന്നുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തി. രണ്ട് സര്‍ജന്‍, ഒരു അനസ്‌ത്യേഷ്യസ്റ്റ്, നാല് കെയര്‍ ടേക്കേഴ്‌സ് , മൂന്ന് പട്ടിപിടുത്തക്കാര്‍ എന്നിവരെയും നിയോഗിച്ചു.ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കേന്ദ്രത്തിന് കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ അംഗീകാരം കിട്ടാന്‍ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഓഗസ്റ്റ് 18നാണ് സംഘം സന്ദര്‍ശിച്ചത്. ഓഗസ്റ്റ് 25ന് ബോര്‍ഡിന്റെ അംഗീകാരം കിട്ടി പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ തെരുവുനായകളുടെ ആക്രമണം കൂടിവരുന്നതും മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരം കിട്ടാത്തതിനാല്‍ കാസര്‍കോട്, തൃക്കരിപ്പൂര്‍ എ.ബി.സി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിനെ തുടര്‍ന്നാണ്് മുളിയാറില്‍ കോടികള്‍ മുടക്കി എ.ബി.സി കേന്ദ്രം പണികഴിപ്പിച്ചത്. നിര്‍മാണ പ്രവൃത്തി ആരംഭിക്കുമ്പോഴും സ്ഥലം കണ്ടെത്തുമ്പോഴും ജനവാസമേഖലയാണെന്ന തിരിച്ചറിവ് ജനപ്രതിനിധികള്‍ക്കുണ്ടായില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.

ഇതുവരെ പിടികൂടിയത് 186 തെരുവുനായകളെ

മുളിയാര്‍: മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷം ഇതുവരെ മുളിയാര്‍ എബിസി കേന്ദ്രത്തില്‍ 115 തെരുവുനായകളെ വന്ധ്യംകരണത്തിന് വിധേയമാക്കി. പെരിയ, മടിക്കൈ, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളിലെ തെരുവുനായകളെയാണ് ആദ്യഘട്ടത്തില്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. 186 നായകളെ ഇതുവരെ പിടികൂടിക്കഴിഞ്ഞു.ജില്ലയില്‍ തെരുവുനായകള്‍ കൂടുതലുള്ള ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്താന്‍ നേരത്തേ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചിരുന്നു. വലിയപറമ്പ, മഞ്ചേശ്വരം, ഉദുമ, മുള്ളേരിയ ഗ്രാമ പഞ്ചായത്തുകളാണ് ഇതുവരെ ഹോട്ട്‌സ്‌പോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.

Similar News