ദേശീയ പാതയും സര്‍വീസ് റോഡും തുറന്നു; നഗരത്തില്‍ ഗതാഗതക്കുരുക്കിന് കുറവില്ല
കാസര്‍കോട്: ദേശീയപാത 66 ചെങ്കള-തലപ്പാടി റോഡും സര്‍വീസ് റോഡും തുറന്നിട്ടും കാസര്‍കോട് നഗരത്തില്‍ ഗതാഗതക്കുരുക്കിന് യാതൊരു കുറവുമില്ല. വൈകീട്ട് നാല് മുതല്‍ മിക്ക ദിവസങ്ങളിലും സര്‍വീസ് റോഡില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാരാന്ത്യങ്ങളിലും വിശേഷ ദിവസങ്ങളിലുമാണെങ്കില്‍ പറയണ്ട. ഏറെ നേരം കുരുക്കില്‍ നിന്ന ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുക. നുള്ളിപ്പാടി മുതല്‍ പ്രസ് ക്ലബ് ജംഗ്ഷന്‍ വരെയാണ് വൈകുന്നേരങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത് വിദ്യാനഗര്‍ ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും പോവേണ്ട വാഹനങ്ങള്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചന്ദ്രഗിരി റൂട്ട് വഴി പോകേണ്ട വാഹനങ്ങള്‍, കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കും മംഗലാപുരം ഭാഗത്തേക്കും വിദ്യാനഗര്‍ ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ കാസര്‍കോട് പുതിയ ബസ്‌ദേശീ സ്റ്റാന്‍ഡില്‍ പഴയ സര്‍ക്കിള്‍ ജംഗ്ഷനിലെത്തുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.
റെയില്‍വേ സ്റ്റേഷനിലേക്കും ആശുപത്രിയിലേക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും പോകുന്നവര്‍ക്കാണ് ഏറെ തിരിച്ചടിയാവുന്നത്. നഗരത്തിലേക്കും നഗരത്തില്‍ നിന്ന് മറ്റിടങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് മറ്റ് വഴികളില്ലാത്തതും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ദേശീയപാതയില്‍ നുള്ളിപ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന മേല്‍പ്പാലം കയറിയാല്‍ പിന്നെ വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡിലിറങ്ങാന്‍ കഴിയുന്നത് അടുക്കത്ത് ബയലിലാണ്. ഇത് ടൗണില്‍ നിന്ന് ഏറെ അകലെയാണ്. അതുകൊണ്ട് ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു, ഇതാണ് ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ മിക്കവയും ദേശീയപാതയെ ആശ്രയിക്കാതെ സര്‍വീസ് റോഡിലൂടെ വരുന്നത്. ഗതാഗതക്കുരുക്കഴിക്കാന്‍ പൊലീസും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. നഗരത്തിലെ ഗതാഗത പ്രശ്‌നം ചൂണ്ടിക്കാട്ടി നേരത്തെ വ്യാപാരികള്‍ രംഗത്തുവന്നിരുന്നു.