തൃക്കണ്ണാട് കടലേറ്റത്തില്‍ അടിയന്തര നടപടി വേണം: ജില്ലാ കളക്ടറെ കണ്ട് ക്ഷേത്രം ഭാരവാഹികള്‍

Update: 2025-07-29 06:45 GMT

കാസര്‍കോട്: തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തിന് സമീപം കടലേറ്റം രൂക്ഷമായി കര നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറോട്  അടിയന്തര നടപടി ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തിന് മുന്‍വശത്ത് അതിരൂക്ഷമായ കടലാക്രമണം കാരണം ക്ഷേത്രത്തിന്റെ പള്ളിവേട്ട മണ്ഡപം ചെരിഞ്ഞ് നിലംപതിക്കാറായ നിലയിലാണ്. ഈ വശത്ത് കൂടിയായിരുന്നു മത്സ്യത്തൊഴിലാളികള്‍ തോണിയിറക്കുന്നതും കയറ്റുന്നതും. എന്നാല്‍ കര കടലെടുത്തതിനാല്‍ ഇത് നിലച്ചിരിക്കുകയാണ്. 100 മീറ്ററോളം ദൂരം കടലെടുത്ത് കഴിഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ബലിതര്‍പ്പണം ചെയ്യുന്നതും ഇവിടെയായിരുന്നു. ഇതും മുടങ്ങിയിരിക്കുകയാണ്. വിശ്വാസപരമായി മാത്രമല്ല മത്സ്യത്തൊഴിലാളികളുടെ ഉപജീവനോപാധി കൂടിയാണ് കടലേറ്റത്തില്‍ ഇല്ലാതാവുന്നത്. അതിനാല്‍ കടല്‍ത്തീരം സംരക്ഷിക്കണമെന്നും ഓവുചാല്‍ ഇല്ലാത്തതിനാല്‍ റോഡില്‍ നിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് കടലിലേക്ക് പോവുന്നതും കരയിടിയാന്‍ കാരണമാവുന്നുണ്ടെന്നും ഇതിന് കൃത്യമായ സംവിധാനം ഒരുക്കണമെന്നും ക്ഷേത്രം ഭാരവാഹികള്‍ നിവേദനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിനും കടലിനും ഇടയിലൂടെ ആണ് സംസ്ഥാന പാത കടന്നുപോകുന്നത്. നിലവിലെ കടലാക്രമണത്തിന് ഉചിതമായ പരിഹാരം കാണാന്‍

സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തോടുകൂടി സംസ്ഥാനപാത ഓര്‍മയായി മാറും. അതിനാല്‍ ക്ഷേത്ര ആചാരങ്ങളും പള്ളിവേട്ട മണ്ഡപവും സംരക്ഷിക്കുന്നതിനും പൊതുതാത്പര്യം കണക്കിലെടുത്ത് ക്ഷേത്രത്തിന് മുന്‍വശം 75 മീറ്റര്‍ എങ്കിലും ദൂരം കിട്ടുന്ന വിധത്തില്‍ കടല്‍ ഭിത്തി കെട്ടി മത്സ്യത്തൊഴിലാളികള്‍ക്ക് തോണിയിറക്കുന്നതിനും കയറ്റുന്നതിനും റാമ്പ് സൗകര്യവും ഏര്‍പ്പെടുത്തണമെന്നും റോഡരികില്‍ ശാസ്ത്രീയമായി ഓവ് ചാല്‍ കൂടി നിര്‍മിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഭാരവാഹികളായ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍ , ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. രാജേഷ് , പാരമ്പര്യ ട്രസ്റ്റി അംഗങ്ങളായ മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍ എന്നിവര്‍ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന് നിവേദനം നല്‍കി.

Similar News