കാസര്‍കോട് നഗരസഭയില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ മുസ്ലിംലീഗും ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും പൊരിഞ്ഞ പോരാട്ടത്തില്‍
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ മുസ്ലിം ലീഗും ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും നേര്‍ക്കുനേര്‍ കടുത്ത പോരാട്ടത്തില്‍. നിലവിലെ 38 അംഗ നഗരസഭയില്‍ മുസ്ലിം ലീഗിന് 21ഉം ബി.ജെ.പിക്ക് 14ഉം അംഗങ്ങളാണുള്ളത്. രണ്ടിടത്ത് മുസ്ലിം ലീഗ് വിമതരാണ് വിജയിച്ചത്. ഒരിടത്ത് സി.പി.എമ്മും. കോണ്‍ഗ്രസിന് ഒരു സീറ്റുമില്ല.
പുതിയ വാര്‍ഡ് വിഭജനത്തില്‍ കാസര്‍കോട് നഗരസഭയിലെ ആകെ വാര്‍ഡുകളുടെ എണ്ണം 39 ആയി ഉയര്‍ന്നു. നിലവിലുണ്ടായിരുന്ന ജദീദ് റോഡ് വാര്‍ഡ് (മുസ്ലിം ലീഗിന്റെ ഉരുക്ക് കോട്ടകളിലൊന്ന്) ഇല്ലാതാവുകയും വിദ്യാനഗര്‍, നുള്ളിപ്പാടി ഭാഗങ്ങളില്‍ പുതുതായി ഓരോ വാര്‍ഡുകള്‍ വീതം കൂടിച്ചേരുകയും ചെയ്തു. ജദീദ് റോഡ് വാര്‍ഡ് ഇല്ലാതായതോടെ മുസ്ലിം ലീഗിന് ഒരു സീറ്റ് നഷ്ടമായി. പുതുതായി നിലവില്‍ വന്ന വാര്‍ഡുകള്‍ ആരെ തുണക്കുമെന്ന് വ്യക്തമല്ല. ഇതില്‍ ഒരു വാര്‍ഡ് കോണ്‍ഗ്രസും മറ്റൊരെണ്ണം മുസ്ലിം ലീഗും നേടുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനെങ്കിലും പുതിയ രണ്ട് വാര്‍ഡുകളിലും തങ്ങള്‍ വിജയിക്കുമെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്.
23 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. മുഴുവന്‍ സീറ്റിലും വിജയിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിം ലീഗിന് വിമതര്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കുകയും അട്ടിമറി വിജയം നേടുകയും ചെയ്ത ഹൊന്നമൂല, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡുകളില്‍ ഇത്തവണയും കനത്ത പോരാട്ടമാണ്. തളങ്കര ബാങ്കോട് വാര്‍ഡിലും മുസ്ലിം ലീഗ് വിമത രംഗത്തുണ്ട്. ഇവിടെ മത്സരത്തിന് വീറും വാശിയും കാണാം. തളങ്കരയിലെ മറ്റു വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമില്ല. എങ്കിലും മുസ്ലിം ലീഗ് ചില വാര്‍ഡുകളിലെങ്കിലും കഠിനാധ്വാനം നടത്താതുമില്ല. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് സീറ്റുകളും തിരികെപ്പിടിച്ച് ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാര്‍ട്ടി. ബി.ജെ.പി. ഇത്തവണ 21 സീറ്റുകളിലാണ് മത്സരിക്കുന്നത്. മറ്റു വാര്‍ഡുകളില്‍ ആരെ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നതെങ്കിലും മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി അവരുടെ സീറ്റ് നില കുറക്കുക എന്ന തന്ത്രം പ്രയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുസ്ലിം ലീഗും വിമതരും മത്സരിക്കുന്ന ചില വാര്‍ഡുകളില്‍ ബി.ജെ.പി. പത്രിക നല്‍കിയിട്ടുമില്ല. അതേസമയം കഴിഞ്ഞ തവണ നഗരസഭയില്‍ സംപൂജ്യരായിരുന്ന കോണ്‍ഗ്രസ് ഇത്തവണ കടപ്പുറത്തും വിദ്യാനഗറിലും സീറ്റ് തിരികെപിടിക്കാനുള്ള ശ്രമത്തിലാണ്. ഒരു സീറ്റ് മാത്രം നിലവിലുള്ള സി.പി.എം. കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്. പലയിടത്തും ലീഗ് വിമതരെ വിജയിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 1995ല്‍ 11 സീറ്റ് നേടിയ നാഷണല്‍ ലീഗ്-സി.പി.എം. കൂട്ടുകെട്ടാണ് കാസര്‍കോട് നഗരസഭ ഭരിച്ചത്.