ഉപ്പള കൈക്കമ്പയില്‍ മീന്‍ ലോറിയുടെ പഞ്ചര്‍ അടക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു മീന്‍ ലോറിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
ഒരാളുടെ നില ഗുരുതരം;
ഉപ്പള: പഞ്ചറായ മീന്‍ ലോറിയുടെ ടയര്‍ മാറ്റിയിടാനായി മറ്റൊരു മീന്‍ ലോറിയുടെ ജീവനക്കാരുടെ സഹായം തേടുന്നതിനിടെ മൂന്നാമതൊരു മീന്‍ ലോറി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഉപ്പള കൈക്കമ്പ ദേശീയപാതയിലാണ് അപകടം. തമിഴ് നാട് സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്.
മറ്റു രണ്ട് പേര്‍ മംഗളൂരു സ്വദേശികളാണ്. മൂന്ന് പേരെയും മംഗളൂരുവിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മീന്‍ ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ദേശീയപാതയിലെ ഒന്നാം ട്രാക്കില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ അതുവഴി വന്ന മറ്റൊരു മീന്‍ ലോറി ജീവനക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ടയര്‍ പഞ്ചറായ ലോറിയുടെ ഡ്രൈവറും സഹായത്തിനായി നിര്‍ത്തിയിട്ട മീന്‍ ലോറിയുടെ ഡ്രൈവറും ക്ലീനറും റോഡില്‍ സംസാരിക്കുന്നതിനിടെയാണ് മൂന്നാമത്തെ ട്രാക്കില്‍ അമിതവേഗതയില്‍ വന്ന മീന്‍ ലോറി മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് നിന്നത്.