നഗരസഭ വീണ്ടും ഉണര്‍ന്നു; കന്നുകാലികളെ പിടിച്ചുകെട്ടാന്‍ പൗണ്ടില്‍ സൗകര്യം ഒരുക്കും
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാന്‍ മുന്നൊരുക്കവുമായി നഗരസഭ. ഏറെ നാളുകളായി നഗരത്തിന് തലവേദന സൃഷ്ടിക്കുന്ന കന്നുകാലികളെ പിടി്ച്ചുകെട്ടാന്‍ ചെന്നിക്കരയിലെ പൗണ്ടില്‍ സൗകര്യമൊരുക്കിത്തുടങ്ങി. 20 വര്‍ഷം മുമ്പാണ് ഇവിടെ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ പൗണ്ട് നിര്‍മിച്ചത്. ഒരേ സമയം 32 കന്നുകാലികളെ വരെ ഇവിടെ പാര്‍പ്പിക്കാനാവും. പൗണ്ടില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്ന നടപടികള്‍ നഗരസഭ ആരംഭിച്ചു. സൗകര്യങ്ങള്‍ ഒരുങ്ങിയാല്‍ കന്നുകാലികളെ പിടിച്ച് ഇവിടേക്ക് എത്തിക്കും.
നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗത്തിനും കച്ചവടത്തിനും തടസ്സം സൃഷ്ടിച്ച് കന്നുകാലിക്കൂട്ടം അലഞ്ഞുതിരിയാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് പാര്‍ക്കിംഗ് സ്ഥലം കന്നുകാലികള്‍ കയ്യേറുന്നത് നിത്യകാഴ്ചയാണ്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കുറിച്ച് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കും. കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചിലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യുമെന്നും നഗരസഭ അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല കന്നുകാലികള്‍ നഗരത്തില്‍ തുടര്‍ന്നും സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് കന്നുകാലികളെ പിടിച്ച് കെട്ടാന്‍ ഉള്ള മുന്നൊരുക്കം നഗരസഭ ആരംഭിച്ചത്. പൗണ്ടിലെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ മുറക്ക് കാലികളെ പിടിച്ചുകെട്ടാനുള്ള നടപടികള്‍ നഗരസഭ ആരംഭിക്കും.