ജില്ലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷം; ഉള്ള താത്കാലിക ഡോക്ടര്‍മാര്‍ക്ക് ശമ്പളവും മുടങ്ങി
കാസര്‍കോട്: പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം തുടരുന്നു. ജില്ലയില്‍ 102 സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒഴിവുകളാണ് നികത്താനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് നീണ്ട നിരയില്‍ ഏറെ നിന്നതിന് ശേഷം മാത്രമാണ് ഡോക്ടറെ കാണാന്‍ കഴിയുന്നത്. അസുഖബാധിതരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരെയും പരിശോധന റിപ്പോര്‍ട്ട് കൊണ്ടുവരുന്നവരെയും ഒരൊറ്റ ഡോക്ടര്‍ നോക്കേണ്ട അവസ്ഥയാണ് മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും. പലപ്പോഴും ഇത് അധിക സമയ ഡ്യൂട്ടിയിലേക്കും കടക്കാന്‍ കാരണമാവുകയാണ്, ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്‍സി സേവനം നടപ്പാക്കാത്തതും തിരിച്ചടിയായി. നേരത്തെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് പി.എസ.സി നിയമനം നടത്തിയെങ്കിലും പലരും ഉപരിപഠനത്തിനായി അവധി എടുത്ത് പോയി. ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം നിരവധി തവണ ചര്‍ച്ചയായതാണ്. ജില്ലയിലെ ജനപ്രതിനിധികള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഡോക്ടര്‍മാരുടെ കുറവാണ് ജില്ലയില്‍,
ഡോക്ടര്‍മാരുടെ കുറവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോഴാണ് 26ഓളം താത്കാലിക ഡോക്ടര്‍മാര്‍ക്ക് മൂന്ന് മാസത്തോളമായി ശമ്പളവും മുടങ്ങിയത്. സാങ്കേതിക പ്രശ്‌നമാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് പറയുമ്പോഴും എന്ന് കിട്ടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അടിസ്ഥാന ശമ്പളമായി 52,000 രൂപയാണ് താത്കാലിക ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. മതിയായ ശമ്പളമില്ലാത്തതും അമിത ജോലി ഭാരവും ശമ്പളം കൃത്യമായി ലഭിക്കാത്തതും ഡോക്ടര്‍മാര്‍ താത്കാലിക ജോലി ഉപേക്ഷിച്ച് പോവാന്‍ കാരണമാവുകയാണ്.