പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ക്കറ്റ് റോഡില്‍ കെ.എസ്.ഇ.ബിയുടെ തൂണില്‍ നിന്ന് സര്‍വീസ് വയറുകള്‍ പൊട്ടി റോഡിന് കുറുകെ വീണു; ഗതാഗതം തടസ്സപ്പെടുത്തി

പാഴ് സല്‍ ലോറി പോകുമ്പോള്‍ താഴ്ന്നുനിന്നിരുന്ന സര്‍വീസ് വയര്‍ ലോറിയുടെ കാബിനില്‍ തട്ടിയതാണ് പൊട്ടാന്‍ കാരണമായതെന്ന് ദൃക്‌സാക്ഷികള്‍;

Update: 2025-09-13 05:34 GMT

കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ക്കറ്റ് റോഡില്‍ കെ.എസ്.ഇ.ബിയുടെ തൂണില്‍ നിന്ന് സര്‍വീസ് വയറുകള്‍ പൊട്ടി റോഡിന് കുറുകെ വീണ് റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം. പാഴ് സല്‍ ലോറി പോകുമ്പോള്‍ താഴ്ന്നുനിന്നിരുന്ന സര്‍വീസ് വയര്‍ ലോറിയുടെ കാബിനില്‍ തട്ടിയതാണ് പൊട്ടാന്‍ കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. രാവിലെയായതിനാല്‍ വലിയ അപകടം ഒഴിവായി. എങ്കിലും മുക്കാല്‍ മണിക്കൂറോളം ഇതുവഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. സമീപവാസികള്‍ കെ.എസ്.ഇ.ബിയെ വിവരം അറിയിച്ചെങ്കിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്താന്‍ വൈകിയതോടെ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയാണ് റോഡിന് കുറുകെ പൊട്ടിയതും തൂങ്ങിക്കിടന്നിരുന്നതുമായ സര്‍വീസ് വയറുകള്‍ ഉയര്‍ത്തിക്കെട്ടിയത്. അപ്പോഴേക്കും കെ.എസ്.ഇ.ബി ജീവനക്കാരെത്തി പൊട്ടിയ സര്‍വീസ് വയറുകള്‍ സുരക്ഷിതമായി കെട്ടിനിര്‍ത്തി. സേനാംഗങ്ങളായ കെ.ആര്‍.അജേഷ്, എസ്. അഭിലാഷ്, കെ.വി. ജിതിന്‍ കൃഷ്ണന്‍, ഹോംഗാര്‍ഡ് എന്‍.പി. രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Similar News