കാഞ്ഞങ്ങാട്ട് യു.ഡി.എഫില്‍ സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 29, മുസ്ലിംലീഗ് 17, സി.എം.പി ഒന്ന്
തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് നേതാക്കള്‍;
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 47 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 29 വാര്‍ഡുകളിലും മുസ്ലിംലീഗ് 17 വാര്‍ഡുകളിലും സി.എം.പി ഒരു വാര്‍ഡിലും മത്സരിക്കും. ബുധനാഴ്ച രാത്രി നടന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലാണ് സീറ്റ് ധാരണയിലായത്. തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.
ഇത്തവണ അധികമായി വരുന്ന നാല് വാര്‍ഡുകളില്‍ മൂന്നിലും കോണ്‍ഗ്രസ് മത്സരിക്കും. ഞാണിക്കടവ്, ഐങ്ങോത്ത്, മോനാച്ച വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഒരു വാര്‍ഡില്‍ ലീഗും മത്സരിക്കും. കോണ്‍ഗ്രസും ലീഗും മത്സരിക്കുന്ന വാര്‍ഡുകളുടെ എണ്ണത്തില്‍ ധാരണയായതിന് പിന്നാലെ മത്സരിക്കുന്ന വാര്‍ഡുകളും ഉടന്‍ തീരുമാനിക്കും.
ബുധനാഴ്ച നടന്ന മുന്നണി യോഗത്തില്‍ കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍, വി. ഗോപി, അഡ്വ. എന്‍.എ ഖാലിദ്, കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, എം. കുഞ്ഞികൃഷ്ണന്‍, പി.വി ചന്ദ്രശേഖരന്‍, കെ.കെ ബാബു, പ്രവീണ്‍ തോയമ്മല്‍, എന്‍.കെ രത്നാകരന്‍, കെ.കെ ജാഫര്‍, ബഷീര്‍ ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.