കടലാക്രമണം: ജിയോബാഗ് സ്ഥാപിക്കാന്‍ വീണ്ടും നീക്കം; പ്രതിഷേധവുമായി ജില്ലയിലെ തീരദേശ ജനത

Update: 2025-09-20 09:34 GMT

കാസര്‍കോട്: ജില്ലയുടെ തീരദേശ മേഖലകളില്‍ കടലാക്രമണം ചെറുക്കാന്‍ , നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ട ജിയോബാഗ് പദ്ധതി നടപ്പിലാക്കാന്‍ നീക്കം. കടലാക്രമണത്തെ നേരിടാന്‍ ജിയോ ബാഗിനാവില്ലെന്നാണ് തീരദേശവാസികള്‍ ആരോപിക്കുന്നത്. നേരത്തെ കടലാക്രമണം മുന്നില്‍കണ്ട് കൊണ്ട് ജിയോ ബാഗും കരിങ്കല്ലുകളും തീരദേശത്ത് സ്ഥാപിച്ചെങ്കിലും ഇതൊക്കെ വെറുതെയായിരുന്നുവെന്നാണ് പരാതി. വീണ്ടും ജിയോബാഗ് സ്്്ഥാപിക്കാനുള്ള നീക്കം തീരദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ജില്ലയിലെ തീരമേഖലയായ മഞ്ചേശ്വരം കണ്വതീര്‍ത്ഥ, ഉപ്പള മുസോടി, ഹനുമാന്‍നഗര്‍, അയില കടപ്പുറം, മണിമുണ്ട കടപ്പുറം, കുമ്പള കോയിപ്പാടി, പെര്‍വാഡ് കടപ്പുറം, മൊഗ്രാല്‍ നാങ്കി കടപ്പുറം, കാവുകോളി, ചേരങ്കൈ കടപ്പുറം, കീഴൂര്‍ കടപ്പുറം, ചെമ്പരിക്ക, ജന്മാ കടപ്പുറം, ഉദുമ, കോട്ടിക്കുളം, തൃക്കണ്ണാട്, അജാനൂര്‍, വലിയപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇവിടങ്ങളിലൊക്കെ നേരത്തെ പാകിയ കരിങ്കല്ലു കൊണ്ടും ജിയോബാഗ് കൊണ്ടുമുള്ള കടല്‍ഭിത്തികളൊക്കെ കടലെടുക്കുന്ന കാഴ്ചയായിയിരുന്നു. ഇ്ത്രയുമായിട്ടും വീണ്ടും സര്‍ക്കാര്‍ ജിയോബാഗിന് പിന്നാലെ പോകുന്നതാണ് തീരദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കടലാക്രമണം ചെറുക്കുന്നതിന് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇപ്പോഴും ഉദ്ദേശിക്കുന്ന പദ്ധതി 'ജിയോബാഗ്' സംവിധാനം തന്നെയാണ്. വീണ്ടും കോടികള്‍ കടലില്‍ തള്ളാനുള്ള പദ്ധതിയാണിതെന്നും തീരസംരക്ഷണത്തിന് ഇത് ഉതകുന്നില്ലെന്നുമാണ് തീരദേശവാസികള്‍ ആരോപിക്കുന്നത്. ശാസ്ത്രീയമായ പദ്ധതികളെക്കുറിച്ച് നേരത്തെ തന്നെ തീരദേശവാസികളും സന്നദ്ധസംഘടനകളുമൊക്കെ സര്‍ക്കാറിന്റെ അദാലത്തുകളില്‍ 'ടെട്രോപോഡ്' കടല്‍ദ്ധതികള്‍ തീരത്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു.

Similar News