ചിത്രം തെളിഞ്ഞു; ജില്ലയിലെ 3 നഗരസഭകളിലെയും സംവരണ നറുക്കെടുപ്പ് പൂർത്തിയായി: പ്രതീക്ഷയോടെ മുന്നണികള്‍

കാസര്‍കോട്ട്-20 ,കാഞ്ഞങ്ങാട്ട്-24, നീലേശ്വരം-17 സത്രീ സംവരണ മണ്ഡലങ്ങള്‍;

Update: 2025-10-16 10:54 GMT

കാസര്‍കോട്: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജില്ലയിലെ മൂന്ന് നഗരസഭകളിലെയും സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി.സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസിലായിരുന്നു നറുക്കെടുപ്പ് നടപടികള്‍. ഇതോടെ ജില്ലയിലെ മൂന്ന് നഗരസഭകളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ തെളിഞ്ഞു. കാസര്‍കോട് നഗരസഭയില്‍ ആകെയുള്ള 39 വാര്‍ഡുകളില്‍ 20 വാര്‍ഡുകള്‍ വനിതാ സംവരണ വാര്‍ഡുകളാണ്. വാര്‍ഡ് 15 ചാലക്കുന്ന് പട്ടിക ജാതി സംവരണ മണ്ഡലമാണ്. യു.ഡി.എഫിന് മേല്‍ക്കൈയുള്ള നഗരസഭയില്‍ ഇത്തവണയും അധികാരം തുടരാനാകുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് സഖ്യകക്ഷികള്‍. മുസ്ലീം ലീഗിന്റെ ഉരുക്കുകോട്ടയായ കാസര്‍കോട് നഗരസഭയില്‍ 21 സീറ്റുകള്‍ കഴിഞ്ഞ തവണ ലീഗ് നിലനിര്‍ത്തി. അതേ സമയം കഴിഞ്ഞ തവണ 14 വാര്‍ഡുകളിലാണ് ബി.ജെ.പി ആധിപത്യമുറപ്പിച്ചത്. ഇത്തവണ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ഏക സീറ്റുള്ള എല്‍.ഡി.എഫും സര്‍ക്കാരിന്റെ ഭരണത്തിനുള്ള വിധിയെഴുത്തിലൂടെ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. ചെന്നിക്കര വാര്‍ഡ് മാത്രമാാണ് സി.പി.എമ്മിന് കഴിഞ്ഞ തവണ അനുകൂലമായി നിന്നത്.

എല്‍.ഡി.എഫ് ഭരണം കയ്യാളുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ വാര്‍ഡ് പുനര്‍നിര്‍ണയത്തിലൂടെ ഇത്തവണ 43ല്‍ നിന്ന് 47 ആയി വാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. ഇതില്‍ 24 വാര്‍ഡുകള്‍ വനിതാ സംവരണമാണ് 22 വാര്‍ഡുകള്‍ ജനറലാണ്. ഒരു വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 43 വാര്‍ഡുകളിലായി 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയക്കൊടി പാറിച്ചതോടെ ഭരണം കയ്യാളി. 16 സീറ്റുകളില്‍ യു.ഡി.എഫ് സഖ്യകക്ഷികള്‍ വിജയിച്ചു. നഗരസഭയുടെ ഭരണത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കഴിഞ്ഞ തവണ നേരിയ സീറ്റുകള്‍ക്ക് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാവുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. 6 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പി ഇത്തവണ രണ്ടക്കം കടക്കാനാവുമെന്ന പ്രതീക്ഷയിലായിരിക്കും പ്രചാരണം.

നീലേശ്വരം നഗരസഭയില്‍ ഇത്തവണ ആകെ 34 വാര്‍ഡുകളാണുള്ളത്. 34 വാര്‍ഡുകളിലായി 17 എണ്ണം സ്ത്രീ സംവരണമാണ്. അഞ്ച് പട്ടികജാതി സംവരണ വാര്‍ഡുകളാണ്. 16 എണ്ണം ജനറല്‍ വാര്‍ഡുകള്‍. കഴിഞ്ഞ തവണയില്‍ നിന്ന് ഇത്തവണ രണ്ട് വാര്‍ഡുകള്‍ വര്‍ധിച്ച നഗരസഭയില്‍ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്്. കഴിഞ്ഞ തവണ 32 വാര്‍ഡുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും എല്‍.ഡി.എഫ് വിജയം കണ്ടു. 11 സീറ്റില്‍ വിജയിച്ച യു.ഡി.എഫ് ഇത്തവണ ഭരണം മാറി മറിയുമെന്നാണ് വിശ്വസിക്കുന്നത്. അതേ സമയം അക്കൗണ്ട് തുറക്കാത്ത ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന പ്രചാരണത്തിലാണ്.

സംവരണ മണ്ഡലങ്ങള്‍ മാറി മറിഞ്ഞതും മണ്ഡല പുനര്‍വിന്യാസവും വോട്ടുപെട്ടിയിലേക്കുള്ള വോട്ടുകളുടെ എണ്ണം കൂട്ടുമെന്ന പ്രതീക്ഷയിലാണ് ഓരോ മുന്നണികള്‍. സ്ത്രീ സംവരണ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ മാറിയ സാഹചര്യത്തില്‍ വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടി മുന്നണികള്‍.

Similar News