റാണിപുരം ഗ്ലാസ് ബ്രിഡ്ജ് നാളെ തുറക്കും; ഉത്തര മലബാറിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ്

Update: 2025-09-09 10:05 GMT

റാണിപുരം: കാസര്‍കോട് ജില്ലയുടെ വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ അധ്യായം കുറിക്കാനും കേരളത്തിന്റെ ഊട്ടിയായ റാണിപുരത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുമായി ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങി. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് റാണിപുരം മലനിരയിലെ ഗ്ലാസ് ബ്രിഡ്ജ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ഗ്ലാസ് ബ്രിഡ്ജ് കൂടി വരുന്നതോടെ ഇനി റാണിപുരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. 75 അടിയോളം നീളമുള്ള ബ്രിഡ്്ജില്‍ എട്ടടി നീളവും ആറടി വീതിയുമുള്ള മൂന്ന് ഗ്ലാസുകളാണ് ഒരു ലെയറില്‍ സ്ഥാപിച്ചിരിക്കുന്നത്. 12 മില്ലി.മീറ്റര്‍ കനം വരുന്ന മൂന്ന് ഗ്ലാസുകള്‍ക്ക് 1.5 മില്ലി.മീറ്റര്‍ കനമുള്ള സെന്‍ട്രിക് ലാമിനേഷന്റെ കോട്ടിംഗ് ഉണ്ട്. ഇതാണ് ഗ്ലാസിനെ സുരക്ഷിതമായി നിലനിര്‍ത്തുന്നത്. ഒരാള്‍ക്ക് 200 രൂപയാണ് പ്രവേശന ഫീസ്. ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണച്ചുമതല സ്വകാര്യകമ്പനിക്കായിരുന്നു. നടത്തിപ്പ് ചുമതലയും സ്വകാര്യ ഏജന്‍സിക്കാണ്. ഗ്ലാസ് ബ്രിഡ്ജിനൊപ്പം മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേബിള്‍ കാര്‍, സിപ്പ് ലൈന്‍ എന്നിവയും ഉടന്‍ നിലവില്‍ വരും.

Similar News