ആരിക്കാടി ടോള്‍ ഗേറ്റിനെതിരെ പ്രതിഷേധം ശക്തം; ബഹുജന മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി
കുമ്പള: ദേശീയപാത 66ല്‍ ആരിക്കാടിയില്‍ നിര്‍മിക്കുന്ന താത്കാലിക ടോള്‍ ഗേറ്റിനെതിരെ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. കുമ്പള-ബദിയടുക്ക റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അറുന്നൂറോളം പേര്‍ പങ്കെടുത്തു. മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.കെ സുബൈര്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ എ.കെ ആരിഫ്, യൂസഫ് ഉള്‍വാര്‍ എന്നിവര്‍ നേത്വത്വം നല്‍കി.
ദേശീയ പാത അതോറിറ്റി നിര്‍മിക്കുന്ന ടോള്‍ ഗേറ്റിനെതിരെ കര്‍മസമിതി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. കേന്ദ്ര അനുമതിയോടെയാണ് ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മിക്കുന്നതെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് കമ്പനി വീണ്ടും ടോള്‍ ഗേറ്റ് നിര്‍മാണം പുനരാരംഭിച്ചത്.