കുണിയ ചെരുമ്പയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ അക്രമം; 3 പേര്‍ക്ക് പരിക്ക്; മുഖ്യപ്രതി അറസ്റ്റില്‍
കര്‍ണാടകയില്‍ നിന്നെത്തിയ പൊലീസ് സംഘവും സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന ബേക്കല്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമാണ് അക്രമത്തിനിരയായത്;
പെരിയാട്ടടുക്കം: പ്രതിയെ പിടികൂടാന്‍ കുണിയ ചെരുമ്പയിലെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു. സംഭവത്തില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഉഡുപ്പി മാല്‍പ്പെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ചെരുമ്പയിലെ എ.എച്ച് ഹാഷിമിനെ അന്വേഷിച്ചെത്തിയ കര്‍ണാടകയില്‍ നിന്നെത്തിയ പൊലീസ് സംഘവും സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന ബേക്കല്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമാണ് അക്രമത്തിനിരയായത്.
ഹാഷിമിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഹാഷിമിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസുകാരെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി.എം പ്രസാദ് കുമാര്‍(42), മാല്‍പ്പെ സ്റ്റേഷനിലെ എ എസ് ഐ ഹരീഷ്(55), മാല്‍പ്പെ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഇ ലോകേഷ്(48) എന്നിവര്‍ക്ക് പരിക്കേറ്റു.
മാല്‍പ്പെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ഹാഷിമിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ ചെരുമ്പ പള്ളിക്ക് സമീപത്തുവെച്ചാണ് അക്രമിച്ചത്. പ്രസാദ് കുമാറിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്ത് കൈകൊണ്ടടിക്കുകയും വലതുകൈയിലെ നടുവിരല്‍ ഒടിക്കുകയും തടയാന്‍ ശ്രമിച്ച കര്‍ണ്ണാടക പൊലീസുകാരെ അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പൊലീസിനെ അക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പൊലീസ് ചെരുമ്പയിലെ ഹാഷിമിനെ അറസ്റ്റ് ചെയ്തു. ഹാഷിം ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.