പരിശോധനക്കിടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ നിരവധി കേസുകളിലെ പ്രതിയെ പൊലീസ് മല്‍പ്പിടുത്തത്തിലൂടെ പിടികൂടി

കുമ്പള കുണ്ടാറടുക്കയിലെ അണ്ണി പ്രഭാകരനെയാണ് പിടികൂടിയത്;

Update: 2025-09-20 04:20 GMT

കുമ്പള: പരിശോധനക്കിടെ വീട്ടില്‍ നിന്നിറങ്ങിയോടിയ നിരവധി കേസുകളിലെ പ്രതിയെ പൊലീസ് മല്‍പ്പിടുത്തത്തിലൂടെ പിടികൂടി. കുമ്പള കുണ്ടാറടുക്കയിലെ അണ്ണി പ്രഭാകരനെ(53)യാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് പ്രഭാകരന്റെ വീട്ടില്‍ മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള എസ്.ഐ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്കെത്തിയതായിരുന്നു. പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ പ്രഭാകരന്‍ വീടിന് പിറകുവശത്തെ വാതിലില്‍ കൂടി ഓടി രക്ഷപ്പെടുകയാണുണ്ടായത്.

പരിശോധനയില്‍ മദ്യം വിറ്റു കിട്ടിയ 40,000 രൂപയും 52 പാക്കറ്റ് കര്‍ണ്ണാടകനിര്‍മ്മിത മദ്യവും നാല് കുപ്പി ഗോവന്‍ നിര്‍മ്മിത മദ്യവും പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ പ്രഭാകരന്‍ വീട്ടിലെത്തിയതായുള്ള വിവരം കിട്ടിയതിനെ തുടര്‍ന്ന് എസ് .ഐയും സംഘവും വീട്ടിലെത്തിയപ്പോള്‍ പ്രതി പൊലീസിനെ അക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് മല്‍പ്പിടുത്തത്തിലൂടെ പ്രഭാകരനെ കീഴ്പ്പെടുത്തുകയായിരുന്നു.

ഒരു യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലും എക്സൈസ് സംഘത്തെ അക്രമിച്ച കേസിലും രണ്ട് വര്‍ഷം മുമ്പ് കുമ്പള എക്സൈസ് ഓഫീസിന് പെട്രോളൊഴിച്ച് തീ വെക്കാന്‍ ശ്രമിച്ച കേസിലും പത്തോളം അബ്കാരി കേസുകളിലും പ്രതി കൂടിയാണ് അണ്ണി പ്രഭാകരന്‍ എന്ന് പൊലീസ് പറഞ്ഞു. കാപ്പ നിയമ പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Similar News