പി.എം.എം.വൈ സാമ്പത്തിക സഹായം ലഭിച്ചില്ല; യുവതിയുടെ പരാതിയില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു
കാസര്‍കോട്: ചെറുകിട സംരംഭങ്ങള്‍ക്കായി സാമ്പത്തിക സഹായം അനുവദിക്കുന്ന പ്രധാന്‍മന്ത്രി മുദ്ര യോജന പദ്ധതിയില്‍ അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സഹായം മുടങ്ങിയ ഉള്ളോടി സ്വദേശിനിക്ക് ഒടുവില്‍ ആശ്വാസം. ഇവരുടെ പരാതി പരിഗണിച്ച ന്യൂനപക്ഷ ക്മീഷന്‍ അടിയന്തിരമായി ഇടപെട്ടു. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതില്‍ സംഭവിച്ച പിഴവാണ് അപേക്ഷ നിരസിക്കാന്‍ കാരണമെന്നും പരാതിക്കാരി അപേക്ഷ നേരിട്ട് സമര്‍പ്പിച്ചാല്‍ ധനസഹായം അനുവദിക്കാമെന്നുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എ.എ റഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങിലാണ് പരാതി പരിഗണിച്ചത്.
മുഹിമാത്തുല്‍ മുസ്ലിമിന്‍ എഡ്യൂക്കേഷന്‍ സെന്ററിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ കുമ്പള ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നിരസിച്ചത് സംബന്ധിച്ച പരാതിയില്‍, എതിര്‍കക്ഷികളായ കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, മഞ്ചേശ്വരം താലൂക്ക് സര്‍വ്വേയര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ ഇരു കക്ഷികളെയും നേരില്‍ കേട്ട് പ്രശ്നപരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വീടിന് മുകളിലൂടെയുള്ള വൈദ്യുതലൈന്‍ മാറ്റി കിട്ടുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടും ഇലക്ട്രിസിറ്റി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ഉക്കിനടുക്ക സ്വദേശിയുടെ പരാതിയില്‍ എതിര്‍ കക്ഷികളായ ഇലക്ട്രിസിറ്റി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ ഇരുകക്ഷികളെയും നേരില്‍ കേട്ട് പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.