പെരിയ ഇരട്ടക്കൊലക്കേസ്; പ്രതി കെ. മണികണ്ഠനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ കെ. മണികണ്ഠനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. എന്നാല്‍ ഉത്തരവ് വരും മുമ്പെ രണ്ടുമാസം മുമ്പ് മണികണ്ഠന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിയും കൊലപ്പെടുത്തിയ കേസിലെ പതിനാലാം പ്രതിയാണ് സി.പി.എം ഉദുമ മുന്‍ ഏരിയ സെക്രട്ടറി കൂടിയായ മണികണ്ഠന്‍. കേസില്‍ സി.ബി.ഐ കോടതി മണികണ്ഠന് അഞ്ചുവര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. കോടതി ശിക്ഷ വിധിച്ച പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ കല്യോട്ടെ അഡ്വ. എം.കെ. ബാബുരാജാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമിപിച്ചത്. ശിക്ഷ വിധിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചതിനാല്‍ മണികണ്ഠന്‍ ജയിലിലായില്ല. തനിക്കെതിരെയുള്ള കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം ഉണ്ടായത്.
അതിനിടെയാണ് ജൂണ്‍ 21ന് മണികണ്ഠന്‍ രാജിക്കത്ത് നല്‍കിയത്. ഉദുമ പാക്കം ഡിവിഷനില്‍ നിന്നാണ് മണികണ്ഠന്‍ വിജയിച്ചത്.