അപകടം പതിയിരിക്കുന്നു, പള്ളത്തടുക്ക പാലം ദുര്‍ബലാവസ്ഥയില്‍; സൂചനാ ബോര്‍ഡ് സ്ഥാപിച്ചു

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത പാലത്തിന്റെ ശോഷണം രണ്ട് വര്‍ഷം മുമ്പേ പ്രകടമായിരുന്നു;

Update: 2025-08-21 10:42 GMT

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ പള്ളത്തടുക്ക പാലം അപകടാവസ്ഥയില്‍. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് സൂചനാ ബോര്‍ഡ് സ്ഥാപിച്ചു. കാസര്‍കോട് ജില്ലയിലേക്കും തിരിച്ച് പുത്തൂര്‍ ഭാഗത്തേക്കും നിരവധി വാഹനങ്ങളാണ് നിത്യേന ഇതിലൂടെ കടന്നുപോകുന്നത്. ബംഗളൂരു ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങളും രാത്രിയും പകലും ഇതിലൂടെയാണ് ഗതാഗതം നടത്തുന്നത്. പള്ളത്തടുക്ക കഴിഞ്ഞ് പെര്‍ള, വിട്‌ള, പുത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും ആശ്രയിക്കുന്നത് ഈ വഴിയാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്കും ഇതുവഴിയാണ് പോകുന്നത്. പാലം ദുര്‍ബലാവസ്ഥയിലാണ് വാഹനങ്ങള്‍ പതുക്കെ പോവുക എന്ന സൂചനാ ബോര്‍ഡാണ് പാലത്തിന് തൊട്ടുമുമ്പ് സ്ഥാപിച്ചിരിക്കുന്നത്. പക്ഷെ ഇത് വാഹനങ്ങള്‍ എത്രമാത്രം പാലിക്കുമെന്നതാണ് സംശയം.

നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത പാലത്തിന്റെ ശോഷണം രണ്ട് വര്‍ഷം മുമ്പേ പ്രകടമായിരുന്നു. പാലത്തിന്റെ അടിഭാഗത്ത് വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. കമ്പികള്‍ ഇളകി. തുടര്‍ന്നാണ് കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തിയത്. പാലത്തിന് ബലക്ഷയം കണ്ടെത്തുകയും പിന്നീട് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാലം വീണ്ടും അപകടാവസ്ഥയിലാവുകയായിരുന്നു. പാലത്തിന്റെ സ്പാന്‍ ഇപ്പോഴും അപകടാവസ്ഥയിലാണ്. പാലത്തിന് മുകളിലുള്ള റോഡില്‍ കുഴികളും രൂപപ്പെട്ടു. പാലത്തിന്റെ അവസ്ഥ ദയനീയമായതിന് പിന്നാലെയാണ് ബുധനാഴ്ച പൊതുമരാമത്ത് (പാലം) വിഭാഗം സൂചനാ ബോര്‍ഡ് സ്ഥാപിച്ചത്. പാലത്തിന് ബലക്ഷയമുള്ളതിനാല്‍ ഇനി ഇതുവഴിയുള്ള ഗതാഗതം യാത്രക്കാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കും. കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് അവഗണിച്ചുകൊണ്ടായിരുന്നു എല്ലാ വാഹനങ്ങളും കടന്നുപോയത്.

Similar News