കലോത്സവത്തിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യം; ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി

Update: 2025-10-04 09:30 GMT

കുമ്പള: കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലോത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ റിപ്പോര്‍ട്ട് തേടി. പൊലീസിനോടും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറോടും അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ചയാണ് സ്‌കൂള്‍ കലോത്സവത്തില്‍ മൂകാഭിനയ ടീം പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിത്. പലസ്തീന്‍ പ്രമേയമാക്കിയായിരുന്നു മൂകാഭിനയം. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകന്‍ ഇടപെട്ട് കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകനും വാക്കുതര്‍ക്കത്തിലായതോടെ കലോത്സവം നിര്‍ത്തിവെക്കുകയായിരുന്നു.

കലോത്സവം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ചും അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടും ശനിയാഴ്ച രാവിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അധ്യാപകരെ തടഞ്ഞുവെച്ചതിനു പിന്നാലെ കുമ്പള പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്താനാണ് തീരുമാനം. ശനിയാഴ്ച രാവിലെ ചേര്‍ന്ന അധ്യാപക രക്ഷാകര്‍തൃ വിദ്യാര്‍ത്ഥി സംഘടനാ യോഗത്തിലാണ് തീരുമാനം.

Similar News