ഇശല്‍തോപ്പില്‍ കലയുടെ തിങ്കള്‍

മധുവാഹിനി കല കവിഞ്ഞൊഴുകുന്നു;

Update: 2025-12-29 07:35 GMT

മൊഗ്രാല്‍: 64-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, വൈസ് പ്രസിഡണ്ട് കെ.കെ. സോയ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുല്‍ഖാദര്‍, കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇനിയുള്ള മൂന്ന് രാപ്പകലുകള്‍ മൊഗ്രാല്‍ ഇശല്‍ ഗ്രാമം കലയുടെ കുളിരണിയും. മൂന്ന് ദിവസങ്ങളിലായി 238 ഇനങ്ങളിലായി 3,953 കൗമാര കലാപ്രതിഭകള്‍ താള-ലയ-ലാസ്യ ഭാവങ്ങള്‍ തീര്‍ക്കും. യു.പി. വിഭാഗത്തില്‍ 1428 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1404 ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 1421 ഉം കുട്ടികളാണ് മത്സരിക്കുക. ആദ്യദിവസമായ ഇന്ന് 1121 വിദ്യാര്‍ത്ഥി പ്രതിഭകള്‍ മത്സരിക്കാനെത്തുന്നു. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിക്ക് പുറമെ മൊഗ്രാലിലും പരിസരത്തുമായി 11 വേദികള്‍കൂടി ഒരുക്കിയിട്ടുണ്ട്.

ഇന്ന് പ്രധാനവേദിയില്‍ വട്ടപ്പാട്ട്, ദഫ്മുട്ട്, ഒപ്പന മത്സരങ്ങളാണ് പ്രധാനമായും നടക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ഇശല്‍ഗ്രാമത്തിലെ പ്രധാനവേദിയില്‍ ഇശല്‍ മഴ പെയ്തിറങ്ങും.

സംഘാടക സമിതി ഓഫീസില്‍ ഇശല്‍ഗ്രാമത്തിലെ കലാകാരന്മാരുടെ കലാവിരുന്നുമുണ്ടാകും.

മറ്റ് വേദികളില്‍ പരിചമുട്ട്, ചവിട്ടുനാടകം, ഭരതനാട്യം, തിരുവാതിര, മോണോ ആക്ട്, കുച്ചുപ്പുടി, മിമിക്രി, വയലിന്‍, പ്രഭാഷണം, ചമ്പുപ്രഭാഷണം, ഖുര്‍ആന്‍ പാരായണം, പദ്യംചൊല്ലല്‍, കഥപറയല്‍, സംഭാഷണം, കഥാപ്രസംഗം, സംസ്‌കൃത നാടകം, ഉറുദു സംഘഗാനം, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, പ്രസംഗം തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.

കലോത്സവത്തിന് തുടക്കം കുറിച്ച് 64പേര്‍ അണിനിരന്ന സ്വാഗതഗാനം അരങ്ങേറി. പ്രശസ്ത സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീതം നിര്‍വഹിച്ചത്. കവി രവീന്ദ്രന്‍ രാവണേശ്വരമാണ് സ്വാഗതഗാനത്തിന്റെ രചന നിര്‍വഹിച്ചത്. സ്‌കൂളിലെ സംഗീത അധ്യാപിക സുസ്മിത അടക്കമുള്ളവരാണ് ഗാനാലാപനത്തില്‍ അണിനിരന്നത്.

Similar News