ഓണ്‍ലൈന്‍ ട്രേഡിങിലൂടെ അംഗടിമുഗര്‍ സ്വദേശിയുടെ 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി റിമാണ്ടില്‍

ആന്ധ്രപ്രദേശ് വിജയവാഡ ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാറിനെയാണ് കോടതി റിമാണ്ട് ചെയ്തത്;

Update: 2025-09-18 06:01 GMT

കാസര്‍കോട്: അംഗടിമുഗര്‍ സ്വദേശിയെ ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ വാട്‌സാപ്പ് വഴി ബന്ധപ്പെട്ട് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. ആന്ധ്രപ്രദേശ് വിജയവാഡ ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാറിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ഫണി കുമാറിനെ സൈബര്‍ പൊലീസ് ആന്ധ്രയില്‍ നിന്നാണ് പിടികൂടിയത്. ധനി - ടി.ആര്‍.ഡി എന്ന വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചായിരുന്നു പണം തട്ടിയത്. വാട്‌സാപ്പ് വഴി ഇരയെ ബന്ധപ്പെട്ട് അമിത ലാഭം വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. 42,41,000 രൂപയാണ് തട്ടിയെടുത്തത്. 2025 ഏപ്രില്‍ നാലുമുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി പല തവണയായാണ് പണം കൈക്കലാക്കിയത്.

കാസര്‍കോട് സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതി ആന്ധ്രപ്രദേശിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫണികുമാറിനെ അന്വേഷിച്ച് പൊലീസ് ആന്ധ്രയിലെത്തിയതോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒന്നേമുക്കാല്‍ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസില്‍ അനന്തപുര പൊലീസിന്റെ പിടിയിലായതായി വ്യക്തമായി. ഫണികുമാര്‍ ഹൈദരാബാദ് ഗാചിബോളി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലും പ്രതിയാണെന്നും ഈ കേസില്‍ തെലങ്കാന സംഘറെഡ്ഡി ജയിലില്‍ കഴിയുകയാണെന്നും കണ്ടെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, എ എസ് ഐ രഞ്ജിത് കുമാര്‍, പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News