കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇനി നിന്ന് ബുദ്ധിമുട്ടേണ്ട; ഇരിപ്പിടം ഒരുങ്ങി

Update: 2025-08-23 06:35 GMT

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് ഇരിപ്പിടം ഇല്ലാതിരുന്ന പ്രശ്‌നത്തിന് ഒടുവില്‍ പരിഹാരം. പ്ലാറ്റ്‌ഫോമില്‍ ഒഴിഞ്ഞുകിടന്ന സ്ഥലങ്ങളില്‍ റെയില്‍വേ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കി. ഇതോടെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ അമ്പതോളം ഇരിപ്പിടങ്ങള്‍ നിലയുറപ്പിച്ചുകഴിഞ്ഞു. പ്ലാറ്റ്‌ഫോമില്‍ പ്രധാന കവാട പരിസരത്ത് മാത്രമായിരുന്നു നേരത്തെ ഇരിപ്പിടങ്ങള്‍ ഉണ്ടായിരുന്നത്. നിലവില്‍ പ്രധാന കവാടം മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് സീറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏറെ നാളായി യാത്രക്കാര്‍ നേരിട്ട ദുരിതത്തിനാണ് ഇതോടെ അവസാനമായത്. റെയില്‍വേ സ്റ്റേഷനില്‍ ആവശ്യത്തിന് ഇരിപ്പിടം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതം ഉത്തരദേശം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂലൈ ആദ്യവാരം അമൃത് ഭാരത് പദ്ധതി പുരോഗതി വിലയിരുത്താന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ് ജയകൃഷ്ണന്‍ ആണ് അടിയന്തിരമായി ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്.

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും യാത്രക്കാരില്‍ ഭൂരിഭാഗവും പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ട്രെയിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ പ്രധാന എന്‍ട്രന്‍സ് പരിസരത്ത് മാത്രമാണ് ഇരിക്കാന്‍ കൂടുതല്‍ സീറ്റുകളുണ്ടായിരുന്നത്. വൈകീട്ട് അഞ്ച് മണി മുതല്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ പ്രശ്‌നം വഷളാവും. ബെഞ്ച് രൂപത്തിലുള്ള ഒറ്റ നിര സീറ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഞെരുങ്ങി ഇരുന്നാണ് സമയം നീക്കിയിരുന്നത്. വൈകീട്ട് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവും. പ്രായമായവരും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരും ഇരിക്കാന്‍ ഇടമില്ലാതെ വലയുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള ചവിട്ടുപടിയിലിരുന്നാണ് പലരും സമയം നീക്കിയത്. രണ്ടാം പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് വരുന്ന യാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24.53 കോടി രൂപ ചിലവഴിച്ചാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. 2023 ഓഗസ്റ്റില്‍ പദ്ധതിക്ക് തുടക്കമിടുമ്പോള്‍ ആദ്യഘട്ടം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോഴും പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടില്ല.

Similar News