എന്‍.എച്ച് തലപ്പാടി- ചെങ്കള റീച്ച് ജൂലൈയില്‍ ഔദ്യോഗികമായി തുറക്കും; ജൂലൈ 15 ഓടെ പണി പൂര്‍ത്തിയാക്കും
39 കിലോ മീറ്റര്‍ ദൂരമുള്ള തലപ്പാടി-ചെങ്കള റീച്ച് നിര്‍മാണ പ്രവൃത്തി കൊണ്ട് ഏറെ ശ്രദ്ധ നേടിയ റീച്ച് കൂടിയാണ്;
കാസര്‍കോട് : ദേശീയ പാത 66ലെ ആദ്യ റീച്ചായ തലപ്പാടി-ചെങ്കള റീച്ച് ജൂലൈ മാസത്തില്‍ ഔദ്യോഗികമായി തുറക്കും. 39 കിലോ മീറ്റര്‍ ദൂരമുള്ള തലപ്പാടി-ചെങ്കള റീച്ച് നിര്‍മാണ പ്രവൃത്തി കൊണ്ട് ഏറെ ശ്രദ്ധ നേടിയ റീച്ച് കൂടിയാണ്. ആദ്യ റീച്ചിനൊപ്പം സംസ്ഥാനത്തെ മറ്റ് രണ്ട് റീച്ചുകള്‍ കൂടി തുറന്ന് കൊടുത്തേക്കും. 27 മീറ്റര്‍ വീതിയില്‍ ദക്ഷിണേന്ത്യയിലെ ബോക്‌സ് ഗര്‍ഡര്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഒറ്റത്തൂണ്‍ മേല്‍പാലം തലപ്പാടി-ചെങ്കള റീച്ചിലാണെന്ന പ്രത്യേകതയുമുണ്ട്. 1.12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഒറ്റത്തൂണ്‍ മേല്‍പ്പാലം കാസര്‍കോട് നഗരത്തെ ചുറ്റിയാണ് കടന്നുപോകുന്നത്. കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ നീളുന്ന മേല്‍പ്പാല്‍ലം യാഥാര്‍ത്ഥ്യമായതോടെ ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് ഗതാഗതം എളുപ്പമായി.
രണ്ട് മേല്‍പാലങ്ങള്‍, നാല് മേജര്‍ ബ്രിഡ്ജുകള്‍, നാല് മൈനര്‍ ബ്രിഡ്ജുകള്‍, 21 അണ്ടര്‍ പാസുകള്‍, 10 ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍, രണ്ട് ഓവര്‍ പാസുകള്‍ എന്നിവയാണ് ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്നത്. 210 മീറ്റര്‍ ദൈര്‍ഘ്യമുള്ള മറ്റൊരു മേല്‍പ്പാലം ഉപ്പളയില്‍ സജ്ജമാക്കിയിട്ടുണ്ട്. മൊഗ്രാല്‍, കുമ്പള, ഷിറിയ, ഉപ്പള പുഴകളെ ബന്ധിപ്പിക്കുന്ന വലിയ പാലങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ആദ്യ റീച്ചിന്റെ പണി പൂര്‍ത്തിയായ മുറയ്ക്ക് തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇതോടെ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്കുള്ള യാത്ര ഏറെ എളുപ്പമായി. പരമാവധി 30 മിനിറ്റ് കൊണ്ട് ഇപ്പോള്‍ തലപ്പാടിയിലെത്താം.
സൂചനാ ബോര്‍ഡുകള്‍ , ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. 77 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് ഉണ്ടാവുക. ഡിസ്പ്ലേ ബോര്‍ഡില്‍ അനുവദനീയമായ വേഗം, ഓരോ വരിയിലും അനുവദിച്ച വേഗത, പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം എന്നിവ രേഖപ്പെടുത്തും. ആധുനിക സൗകര്യമുള്ള നിരീക്ഷണ ക്യാമറുകളും സ്ഥാപിക്കും.
കനത്ത മഴയിലും കരുത്തോടെ നിന്നു ആദ്യ റീച്ച്. രണ്ടാം റീച്ചിനെ സംബന്ധിച്ച് പരാതി പ്രളയമുണ്ടായപ്പോള്‍ ആദ്യ റീച്ച് നിര്‍മാണ പ്രവൃത്തിയുടെ മികവില്‍ പരാതികള്‍ക്കൊന്നും ഇടനല്‍കാതെ നിലകൊണ്ടു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മാണചുമതല.