പുതുക്കിയ വോട്ടര്‍ പട്ടികയില്‍ നഗരസഭാംഗത്തിന്റെ പേരില്ല; ഗൂഢാലോചനയെന്ന് ആരോപണം

തളങ്കര ഖാസിലേന്‍ വാര്‍ഡ് കൗണ്‍സിലറും മുസ്ലിംലീഗ് നേതാവുമായ കെ.എം ഹനീഫിന്റെ പേരാണ് വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവായത്.;

Update: 2025-09-09 06:17 GMT

കാസര്‍കോട്: പുതുക്കിയ വോട്ടര്‍ പട്ടികയില്‍ നിന്ന് നഗരസഭാ കൗണ്‍സിലറുടെ പേര് പുറത്ത്. തളങ്കര ഖാസിലേന്‍ വാര്‍ഡ് കൗണ്‍സിലറും മുസ്ലിംലീഗ് നേതാവുമായ കെ.എം ഹനീഫിന്റെ പേരാണ് വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവായത്. സാങ്കേതിക തകരാറ് മൂലം സംഭവിച്ചതാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണമെങ്കിലും നഗരസഭാംഗത്തിന്റെ വോട്ട് ഒഴിവാക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണം ശക്തമാണ്. പാര്‍ട്ടി കമ്മിറ്റി ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.

ഹൊന്നമൂല വാര്‍ഡിലെ സിറാമിക്‌സ് റോഡിലാണ് ഹനീഫിന്റെ വീട് സ്ഥിതി ചെയ്യുന്നത്. പുതിയ വാര്‍ഡ് വിഭജനത്തില്‍ ഈ വീട് അടക്കം സമീപത്തെ ഏതാനും വീടുകള്‍ 25-ാം വാര്‍ഡായ ബാങ്കോട് വാര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു. കൂട്ടിച്ചേര്‍ക്കപ്പെട്ട മറ്റ് വീടുകളിലെ എല്ലാവരെയും ഹൊന്നമൂല വാര്‍ഡില്‍ നിന്ന് മാറ്റി ബാങ്കോട് വാര്‍ഡിലെ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ത്തു. എന്നാല്‍ നഗരസഭാംഗവും നാട്ടിലെ എല്ലാ പൊതു പ്രവര്‍ത്തനങ്ങളിലും സജീവമായ ഹനീഫിനെ മാത്രം ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പല തരത്തിലുള്ള ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. വോട്ടര്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹനീഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

Similar News