നഗ്മ മാലിക് ജപ്പാന്‍ അംബാസഡര്‍: കാസര്‍കോടിന് അഭിമാനം വാനോളം

Update: 2025-10-17 09:35 GMT

കാസര്‍കോട്: കാസര്‍കോടിന് അഭിമാനം പകര്‍ന്ന് വീണ്ടും നഗ്മ മുഹമ്മദ് മാലിക്. കാസര്‍കോട് ഫോര്‍ട്ട് റോഡ് ഹാഷിം സ്റ്റ്രീറ്റിലെ മുഹമ്മദ് ഹബീബുല്ലയുടെയും പൈവളിഗെ സ്വദേശിനി സുലേഖ ബാനു(സുലു ബാനു)വിന്റെയും മകളായ നഗ്മയെ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നേരത്തെ പോളണ്ടില്‍ അംബാസഡറായിരുന്നു. 1991 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥയും ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ആദ്യത്തെ മുസ്ലിം വനിതയുമാണ്. പാരീസില്‍ നയതന്ത്ര ജീവിതം ആരംഭിച്ച് ഇന്ത്യന്‍ എംബസിയിലും യുനെസ്‌കോയിലും ജോലി ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന നഗ്മയുടെ പഠനം സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലുമായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്യൂണിക്കേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെയാണ് നഗ്മയുടെ പിതാവ് മുഹമ്മദ് ഹബീബുള്ളയും കുടുംബവും കാസര്‍കോട്ടു നിന്ന് ഡല്‍ഹിയിലേക്ക് താമസം മാറിയത്. പാരീസില്‍ യുനെസ്‌കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു നഗ്മ മാലികിന്റെ ആദ്യ നിയമനം.

ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും താനൊരു കാസര്‍കോട്ടുകാരിയെന്ന് പറയുന്നതില്‍ അഭിമാനിക്കുന്ന ഒരാളാണ് നഗ്മ മാലിക്.

കാസര്‍കോട്ടെ പ്രശസ്തനായ അഭിഭാഷകനായിരുന്ന പി. അഹ്‌മദിന്റെ മകനാണ് മുഹമ്മദ് ഹബീബ്. 1930 മുതല്‍ 1970 വരെ കാസര്‍കോട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ആദ്യത്തെ മുസ്ലിം അഭിഭാഷകരില്‍ ഒരാളാണ് അഡ്വ. അഹമ്മദ്. ഇദ്ദേഹത്തിന് 6 മക്കളാണ്. മൂത്ത മകന്‍ പി. അബ്ദുല്ല പഠന കാലത്ത് മദ്രാസില്‍ അസുഖം മൂലം മരണപ്പെട്ടു. രണ്ടാമത്തെ മകനാണ് എഞ്ചിനിയര്‍ കൂടിയായ പി. മുഹമ്മദ് ഹബീബുല്ല. മൂന്നാമത്തെ മകന്‍ പി. ശംസുദ്ദീന്‍ ഇംഗ്ലണ്ടിലെ പേരെടുത്ത ഡോക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ മകളാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായ മുന ശംസുദ്ദീന്‍. കന്നഡയിലെ പ്രശസ്ത എഴുത്തുകാരിയായിരുന്ന സാറാ അബൂബക്കറാണ് അഡ്വ. പി. അഹമ്മദിന്റെ നാലാമത്തെ സന്തതി. അഞ്ചാമത്തെ മകന്‍ അഡ്വ. പി. അബ്ദുല്‍ ഹമീദ് മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളത്. വിദ്യാനഗര്‍ കോപ്പയില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന അഡ്വ. അബ്ദുല്‍ ഹമീദ് കോഴിക്കോടാണ് ഇപ്പോള്‍ താമസം. ഏറ്റവും ഇളയ മകനാണ് 1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ മുഹമ്മദ് ഹാഷിം.

Similar News