പ്രതിഷേധം നിലനില്‍ക്കെ ദേശീയ പാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ ടോള്‍ പിരിക്കാന്‍ നീക്കം
നാളെ തന്നെയാണ് ടോള്‍ പ്ലാസയ്‌ക്കെതിരെ സമരസമിതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയിട്ടുള്ള അപ്പീല്‍ ഹര്‍ജിയില്‍ വിധി വരുന്നത്;
കാസര്‍കോട്: പ്രതിഷേധം നിലനില്‍ക്കെ ദേശീയ പാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ ടോള്‍ പിരിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കി. വിജ്ഞാപന പ്രകാരം എന്‍എച്ച് 66 ല്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ദേശീയ പാത ഉപയോഗത്തിന് നവംബര്‍ 12ന് രാവിലെ 8 മണിമുതല്‍ ടോള്‍ നിലവില്‍ വരുമെന്നാണ് പറയുന്നത്.
ഒരു ഭാഗത്തേക്ക് കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ എന്നിവയ്ക്ക് 85 രൂപയാണ് ടോള്‍. മിനി ബസുകള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 295 രൂപയും വ്യവസായിക വാഹനങ്ങള്‍ക്ക് 320 രൂപയും എര്‍ത്ത് മൂവിങ് എക്യുപ്‌മെന്റ്, മള്‍ട്ടി ആക്‌സില്‍ വെഹിക്കില്‍ എന്നിവയ്ക്ക് 460 രൂപയും ഏഴും അതില്‍ കൂടുതല്‍ ആക്‌സിലുകളുള്ള വാഹനങ്ങള്‍ക്ക് 560 രൂപയുമാണ് ടോള്‍. പ്ലാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകള്‍ക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ടോള്‍ പിരിവ് ആരംഭിക്കുന്ന ബുധനാഴ്ച തന്നെയാണ് ടോള്‍ പ്ലാസയ്‌ക്കെതിരെ സമരസമിതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയിട്ടുള്ള അപ്പീല്‍ ഹര്‍ജിയില്‍ വിധി വരുന്നത്. കോടതി വിധി അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അതേ ദിവസം തന്നെ ടോള്‍ പിരിവ് തുടങ്ങാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍.
അതേസമയം ടോള്‍ പ്ലാസയ്ക്ക് എതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ചേരുന്നുണ്ട്. ചെയര്‍മാന്‍ എ.കെ. അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
ടോള്‍ പ്ലാസ നിലവില്‍ തലപ്പാടിയില്‍ ആണ്. അവിടെ നിന്നു ആരിക്കാടിയിലേക്ക് 22 കിലോമീറ്റര്‍ മാത്രമാണുള്ളത്. ഇത്രയും ദൂരത്തിനിടയില്‍ 2 ടോള്‍ പ്ലാസകള്‍ പാടില്ലെന്ന നിയമം ഉണ്ടായിരിക്കെയാണ് ദേശീയപാത തലപ്പാടി ചെര്‍ക്കള ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായതോടെ ടോള്‍ ഗേറ്റ് നിര്‍മിച്ചത്. ഇതിനെതിരെയാണ് ആക്ഷന്‍ കമ്മിറ്റി കോടതിയെ സമീപിച്ചത്.
എന്നാല്‍ ആരിക്കാടിയിലെ ടോള്‍ പ്ലാസ താല്‍ക്കാലികമാണ് എന്നാണു ദേശീയപാത അതോറിറ്റിയുടെ വാദം. ദേശീയപാത രണ്ടാം റീച്ചിലെ ടോള്‍ പ്ലാസ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ആരിക്കാടിയില്‍ നിന്നു ചുങ്കം പിരിക്കാനാണു ദേശീയപാത അതോറിറ്റിയുടെ നിലവിലെ തീരുമാനം. ഇതു കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനു വാഹനയുടമകള്‍ക്കാണ് ഏറെ ദുരിതമാകുന്നത്.
ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോള്‍ ടോളിനായി വന്‍തുക നല്‍കേണ്ടി വരുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. 22 കിലോമീറ്റര്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് തവണ ടോള്‍ നല്‍കേണ്ടി വരുമെന്നതാണ് പ്രദേശവാസികള്‍ പറയുന്നത്.