തലപ്പാടിയിലെ ബാറില്‍ യുവാവ് മരിച്ചനിലയില്‍; മിയാപ്പദവ് സ്വദേശിയെന്ന് സംശയം
രാവിലെ ബാര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് യുവാവിനെ ഒരു ഭാഗത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്;
മഞ്ചേശ്വരം: തലപ്പാടിയിലെ ബാറില്‍ മിയാപ്പദവ് സ്വദേശിയെന്ന് സംശയിക്കപ്പെടുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ തലപ്പാടിയിലെ നിസര്‍ഗ ബാറിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ബാര്‍ തുറക്കാനെത്തിയ ജീവനക്കാരാണ് യുവാവിനെ ഒരു ഭാഗത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു.
ഉടന്‍ തന്നെ ഉള്ളാള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
മരിച്ച ആളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് മിയാപ്പദവ് സ്വദേശിയാണെന്ന സൂചന ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഇയാള്‍ ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.