പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവിന് കഠിന തടവും പിഴയും
ചിറ്റാരിക്കാല്‍ പാറക്കടവിലെ സി.സന്ദീപിനാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷ വിധിച്ചത്;
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയായ യുവാവിന് കഠിന തടവും പിഴയും. ചിറ്റാരിക്കാല്‍ പാറക്കടവിലെ സി.സന്ദീപി(40) നാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.എം. സുരേഷ് ഒരുവര്‍ഷവും മൂന്നുമാസവും കഠിന തടവും 10,500 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
കഴിഞ്ഞവര്‍ഷം മെയ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടുമുറ്റത്ത് എത്തിയ സന്ദീപ് ഒമ്പതും, ആറും വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്. അന്നത്തെ എസ്.ഐ കെ.ജി.രതീഷാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.