വൈകി ഓട്ടം പതിവാക്കി മലബാര്‍ എക്‌സ്പ്രസ് : പെരുവഴിയിലായി യാത്രക്കാര്‍; ഡി.ആര്‍.എമ്മിന് പരാതി നല്‍കി

Update: 2025-08-08 10:31 GMT

കാസര്‍കോട്: ഉത്തരമലബാറിലേക്കുള്ള യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്ന തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ് ട്രെയിൻ  വൈകി ഓടുന്നത് പതിവായതോടെ  ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കഴിഞ്ഞാല്‍ മറ്റ് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും ചരക്ക് തീവണ്ടികള്‍ക്കും വേണ്ടി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുന്നത് പതിവായി മാറി. കണ്ണൂരില്‍ നിന്ന് രാവിലെ 6.37ന് പുറപ്പെട്ട് 8.23ന് കാസര്‍കോട് എത്തേണ്ട ട്രെയിന്‍ കാസര്‍കോട് എത്തുന്നത് എന്നും ഒമ്പത് മണി കഴിഞ്ഞിട്ടാണ്. രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നുള്ള മാവേലി എക്‌സ്പ്രസ് കഴിഞ്ഞാല്‍ പിന്നെ ആശ്രയം മലബാര്‍ എക്‌സ്പ്രസ് ആണ്. ഇതിനിടയില്‍ ചില സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടെങ്കിലും ചുരുക്കം സ്റ്റേഷനുകളില്‍ മാത്രമാണ് ഇവയ്ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. മാവേലി എക്‌സ്പ്രസ് കഴിഞ്ഞാല്‍ കണ്ണൂരിൽ  നിന്ന് നിത്യേന ഓടുന്ന ട്രെയിന്‍ പിന്നെ മലബാര്‍ എക്‌സ്പ്രസ് ആണ്. കൃത്യസമയം പാലിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ട്രെയിന്‍ ആയിട്ടും നിരന്തരം വൈകുന്നത് ചില്ലറ തലവേദനയൊന്നുമല്ല യാത്രക്കാരില്‍ സൃഷ്ടിക്കുന്നത്. മംഗളൂരുവിലെ ആശുപത്രികളിലേക്ക് ചികിത്സയ്ക്ക് പോകുന്ന രോഗികളും ആശ്രയിക്കുന്നത് മലബാര്‍ എക്‌സ്പ്രസിനെയാണ്. പലയിടങ്ങളിലും പിടിച്ചിടുന്നതോടെ രോഗികളും ദുരിതത്തിലാവും. തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസിന്റെ യാത്രയും വൈകിയാണ്.

കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശനത്തിനെത്തിയ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജറായ മധുകര്‍ റോട്ടിന് ലഭിച്ച പരാതികളില്‍ ഒന്ന് ട്രെയിനുകള്‍ വൈകി ഓടുന്നത് സംബന്ധിച്ചായിരുന്നു. തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്‌സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കൃത്യസമയം പാലിച്ച് ഓടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്.

Similar News