നാടിന് വേദനയായി അശ്വിന്റെ വിയോഗം; നഷ്ടമായത് കുടുംബത്തിലെ ഏകമകനെ
നാലാംവാതുക്കല്‍ റോഡിലെ തനിമ ഹോട്ടല്‍ ഉടമ അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകന്‍ അശ്വിന്‍ ആണ് മരിച്ചത്;
ഉദുമ: വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായ അശ്വിന്റെ മരണം നാടിന് വേദനയായി. നാലാംവാതുക്കല്‍ റോഡിലെ തനിമ ഹോട്ടല്‍ ഉടമ അരവിന്ദന്റെയും അംബുജാക്ഷിയുടെയും ഏക മകന്‍ അശ്വിന്‍(19) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് കമ്പിയില്‍ കുടുങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണാണ് മരണം സംഭവിച്ചത്.
കിണറ്റിലെ ആള്‍മറയില്‍ കയറി നിന്ന് ഓല മാറ്റുന്നതിനിടെ കിണറ്റില്‍ തലയിടിച്ചു വീഴുകയായിരുന്നു. 15 കോലോളം താഴ്ചയുള്ള കിണറിലേക്കാണ് അശ്വിന്‍ വീണത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരായ രാമകൃഷ്ണനും ഉമേശനും മറ്റ് രണ്ട് പേരും കിണറ്റിലിറങ്ങിയെങ്കിലും വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയ അശ്വിനെ പുറത്തെടുക്കാനായില്ല. തലക്കേറ്റ മാരകമായ മുറിവാണ് മരണത്തിന് കാരണമായത്.
കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിശമന എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. അച്ഛന്‍ അരവിന്ദന്‍ ഏറെക്കാലം വിദേശത്താണ് ജോലി ചെയ്തത്. വിവാഹത്തിന് ശേഷം 10 വര്‍ഷത്തിലധികമുള്ള കാത്തിരിപ്പിനൊടുവിലാണ് അരവിന്ദന്‍-അംബുജാക്ഷ ദമ്പതികള്‍ക്ക് കുട്ടിയുണ്ടായത്. ഇവര്‍ക്ക് വേറെ മക്കളില്ല. അതുകൊണ്ട് തന്നെ അശ്വിന്റെ മരണം കുടുംബത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്.
ഉദുമ ജി എച്ച് എസ് സ്‌കൂളില്‍ നിന്ന് പ്ലസ് 2 കഴിഞ്ഞ് ഫുഡ് ക്രാഫ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കി ജോലിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. കപ്പല്‍ ജോലിക്കുള്ള പുതിയ കോഴ്സില്‍ ചേര്‍ന്ന് കപ്പലോട്ടക്കാരനാകാനാണ് അശ്വിന്‍ ആഗ്രഹിച്ചത്. കൊച്ചിയിലെ ഹോട്ടല്‍ ജോലിക്കിടെ 10 ദിവസം മുമ്പാണ് അശ്വിന്‍ വീട്ടിലെത്തിയത്. അതിനിടയിലാണ് അപകടം സംഭവിച്ചത്.
ഉദുമ പീപ്പിള്‍സ് ക്ലബ്ബിന്റെ വാദ്യസംഘത്തില്‍ അംഗമാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉദുമ നാലാംവാതുക്കലിലെ വീട്ടിലെത്തിച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണെത്തിയത്.