ബൈന്തൂരില്‍ കോട്ടയം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി; കൊല്ലം സ്വദേശി അറസ്റ്റില്‍
കോട്ടയം സ്വദേശിയായ ബിനു ഫിലിപ്പിനെയാണ് കൊലപ്പെടുത്തിയത്;
മംഗളൂരു: കര്‍ണ്ണാടകയിലെ ബൈന്തൂരില്‍ കോട്ടയം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ ബിനു ഫിലിപ്പിനെ(45)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത ബൈന്തൂര്‍ പൊലീസ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയകുമാറിനെ(42) അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ബൈന്തൂര്‍ ദേവരഗഡ്ഡെയിലാണ് സംഭവം.
ബിനുവും ഉദയകുമാറും ഒരു എസ്റ്റേറ്റിലെ തോട്ടത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ്. ഇരുവരും രണ്ടുവര്‍ഷമായി വാടകവീട്ടില്‍ താമസിച്ചുവരികയാണ്. പണമടക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. തര്‍ക്കത്തിനിടെ പ്രകോപിതനായ ഉദയകുമാര്‍ റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് ബിനു ഫിലിപ്പിന്റെ വയറ്റില്‍ നിരവധി തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഉദയകുമാറിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു