സംസ്ഥാന മത്‌സ്യ കർഷക അവാർഡിൽ തിളങ്ങി ജില്ല: മികച്ച ജില്ല കാസർകോട്
കാസർകോട്: മത്സ്യ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലകൾക്ക് സംസ്ഥാന മത്സ്യബന്ധന വകുപ്പ് നൽകുന്ന പുരസ്കാരം കാസർകോട് ജില്ലയ്ക്ക് . മത്സ്യ മേഖലയിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ല പുരസ്കാരത്തിന് അർഹമായത്.ജനകീയ മത്സ്യകൃഷി മേഖലയിൽ നൽകുന്ന അവാർഡിലും ജില്ലയ്ക്ക് ഇരട്ട നേട്ടം കൈവരിക്കാനായി. .മികച്ച മത്സ്യ കർഷകർക്കുള്ള വിവിധ പുരസ്കാരങ്ങളിൽ രണ്ടെണ്ണം ജില്ലയിലെ രണ്ട് മത്സ്യകർഷകർ കരസ്ഥമാക്കി.
മികച്ച പിന്നാമ്പുറ മത്സ്യവിത്തുല്പാദന കർഷകനുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം പടന്ന സ്വദേശി പി.പി രവി കരസ്ഥമാക്കി.മികച്ച നൂതന മത്സ്യ കർഷകനുള്ള പുരസ്കാരങ്ങളിൽ മൂന്നാം സ്ഥാനം കുമ്പളയിലെ സീ പേൾ അക്വാഫാം, സ്വന്തമാക്കി.
ജില്ലയിൽ ഫിഷറീസ് മേഖലയിലെ കർഷകർക്ക് വേണ്ടിയും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കുവേണ്ടിയും വിവിധ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ നേതൃത്വം നൽകി നിരവധി പ്രധാന യോഗങ്ങൾ നടത്തിയിരുന്നു. ജില്ലയുടെ ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ . കെ എ ലബീബ് ഉൾപ്പെടെയുള്ള ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അഭിനന്ദിച്ചു. ഫിഷറീസ് മേഖലയിലെ നൂതന കൃഷി രീതികളെയും യുവ കർഷകരെയും തുടർന്നും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ജില്ലയിൽ മത്സ്യ കൃഷിയിൽ മികച്ച മുന്നേറ്റം കൈവരിക്കുന്നതിനും പ്രസ്തുത അവാർഡുകൾ ഉപയുക്തമാകുമെന്ന് കളക്ടർ പറഞ്ഞു