'അതിദാരിദ്ര്യ മുക്ത കാസര്‍കോട്': മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപനം നടത്തി
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന പദ്ധതിയായ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ദാരിദ്ര മുക്തമായി കാസര്‍കോടും. പ്രഖ്യാപനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി അതിദരിദ്രരെ കണ്ടെത്തിയിട്ടില്ലാത്ത കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള ജില്ലയിലെ 40 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം അന്തിമ പട്ടികയില്‍ 2768 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി. ഇതില്‍ മരണപ്പെട്ടവര്‍, ഇതരസംസ്ഥാനങ്ങളില്‍ / ജില്ലകളില്‍ കുടിയേറിയവര്‍ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷമുള്ള 2072 കുടുംബങ്ങള്‍ക്കായി മൈക്രോപ്ലാന്‍ തയ്യാറാക്കി. ഭക്ഷണം, ആരോഗ്യം, സുരക്ഷിത താമസസ്ഥലം, അടിസ്ഥാന വരുമാനം എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാതെ പോയ ഈ 2072 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്തികൊണ്ടു വരുന്നതിനുമായി വിപുലമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു.വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയ അതിദരിദ്രരില്‍ അടിസ്ഥാന പൌരത്വരേഖകള്‍ നഷ്ടപ്പെട്ടതോ അല്ലെങ്കില്‍ ഇതുവരെ ഏതെങ്കിലും കാരണത്താല്‍ ലഭ്യമാകാത്തതോ ആയ 751 ആളുകളില്‍, അവകാശം അതിവേഗം ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 89 പേര്‍ക്ക് വോട്ടര്‍ ഐ.ഡിയും 86 പേര്‍ക്ക് ആധാര്‍ കാര്‍ഡും ലഭ്യമാക്കി.70 പേര്‍ക്ക് റേഷന്‍ കാര്‍ഡും, 283 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറസ് കാര്‍ഡും ക്യാമ്പയിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.
55 പേര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനും 77 പേര്‍ക്കുള്ള ജോബ് കാര്‍ഡും 28 പേര്‍ക്ക് കുടുംബശ്രീ അംഗത്വവും രണ്ടുപേര്‍ക്ക് പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റും ക്യാമ്പയിനിലൂടെ നല്‍കിയിട്ടുണ്ട്. 54 പേര്‍ക്കുള്ള പാചകവാതക കണക്ഷനും അഞ്ച് പേര്‍ക്ക് വീട് വയറിംഗും രണ്ട് പേര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഭക്ഷണം ക്ലേശ ഘടകമായ 705 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യല്‍, ആഹാരം പാകം ചെയ്യാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്ക് പാകം ചെയ്ത് നല്‍കല്‍ തുടങ്ങിയവ ലഭ്യമാക്കി വരുന്നു.ആരോഗ്യസേവനം ആവശ്യമുള്ള 814 കുടുംബങ്ങളില്‍ ആയി 2061 പേര്‍ക്ക് മരുന്നും, 344 പേര്‍ക്ക് പാലിയേറ്റീവ് സേവനങ്ങളും, 17 പേര്‍ക്ക് സഹായ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. വരുമാനം ആവശ്യമുള്ള 304 കുടുംബങ്ങള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കി വരുന്ന ഉജ്ജീവനം പദ്ധതിയിലൂടെ വരുമാനം ലഭ്യമാക്കി.വീട് ക്ലേശഘടകത്തില്‍ വീട് മാത്രം ആവശ്യമുള്ള 145 കുടുംബങ്ങളില്‍ 105 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയും വീട് പുനരുദ്ധാരണം ആവശ്യമുള്ള 132 കുടുംബങ്ങളില്‍ 127 പേരുടെ പൂര്‍ത്തിയാക്കുകയും ചെയ്തു. ബാക്കി 40 കുടുംബങ്ങളുടെ ഭവന നിര്‍മ്മാണവും അഞ്ച് കുടുംബങ്ങളുടെ ഭവന പുണരുദ്ധാരണവും പുരോഗതിയിലാണ്. വീടും സ്ഥലവും ക്ലേശഘടകത്തില്‍ ഉള്ള 120 കുടുംബങ്ങള്‍ക്കും റവന്യൂ വകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ ഭൂമി ലഭ്യമാക്കി. ആയതില്‍ 50 കുടുംബങ്ങളുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ബാക്കി 70 കുടുംബങ്ങളുടെ വീട് നിര്‍മ്മാണം പുരോഗതിയിലാണ്.ടോയ് ലറ്റ് ആവശ്യമുള്ള മൂന്ന് കുടുംബങ്ങള്‍ക്കും കുടിവെള്ളം ആവശ്യമുള്ള ഒരു കുടുംബത്തിനും ഇലകട്രിഹിക്കേഷന്‍ ആവശ്യമുള്ള മൂന്ന് കുടുംബങ്ങള്‍ക്കും ആയത് ലഭ്യമാക്കി കൂടാതെ സ്ഥിരമായി ഷെല്‍ട്ടര് ഹോമിലേക്ക് മാറ്റേണ്ട എട്ട് പേരെയും താല്‍ക്കാലികമായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റേണ്ട രണ്ട് പേരെയും മാറ്റുകയും ചെയ്തു.