കെ.എസ്.ആര്‍.ടി.സി ബസില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 20,80,000 രൂപയുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍
കര്‍ണ്ണാടക സ്വദേശി ജയശീല പുട്ടണ്ണ ഷെട്ടിയെയാണ് അറസ്റ്റ് ചെയ്തത്;
ഹൊസങ്കടി: കേരള ട്രാന്‍സ് പോര്‍ട്ട് ബസില്‍ നിന്നും 20,80000 രൂപയുമായി കര്‍ണ്ണാടക സ്വദേശിയെ മഞ്ചേശ്വരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക സ്വദേശി ജയശീല പുട്ടണ്ണ ഷെട്ടി(52)യെയാണ് അറസ്റ്റ് ചെയ്തത്. രേഖകളില്ലാതെ പണം ബസില്‍ കടത്തുന്നതായുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഹൊസങ്കടി ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് കര്‍ണ്ണാടകയില്‍ നിന്ന് കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന കേരള ട്രാന്‍സ് പോര്‍ട്ട് ബസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം പിടിച്ചെടുത്ത പണം മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ ജിനു ജെയിംസ്, പ്രിവന്റീവ് ഓഫിസര്‍മാരായ എം.വി. ജിജിന്‍, പി.കെ. ബാബുരാജന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.വി. സജിത്ത്, പി.കെ.സുനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.