അപകടം കുറക്കാന്‍ ഹമ്പ് ഒരുക്കി; പക്ഷെ മുന്നറിയിപ്പ് ബോര്‍ഡില്ല: NH സര്‍വീസ് റോഡില്‍ വീണ്ടും അപകടക്കെണി

Update: 2025-10-06 09:10 GMT

കാസര്‍കോട്: ദേശീയപാത 66ല്‍ ആദ്യ റീച്ചായ ചെങ്കള-തലപ്പാടി റീച്ചിലെ സര്‍വീസ് റോഡില്‍ അടിപ്പാതയ്ക്ക് സമീപം നിലനില്‍ക്കുന്ന അപകട ഭീഷണി ഇല്ലാതാക്കാനായി സ്ഥാപിച്ച ഹമ്പ് അപകട ഭീഷണി സൃഷ്ടിക്കുന്നു. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ അമിത വേഗത, അടിപ്പാതയ്ക്ക് സമീപത്ത് കുറക്കാനാണ് നിര്‍മാണ കമ്പനി ഹമ്പ് ഒരുക്കിയത്. നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന നായന്‍മാര്‍മൂല, ബി.സി റോഡ്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും ഇതുവരെ ഒരുക്കിയിട്ടില്ല. ബി.സി റോഡിലെ അടിപ്പാതയില്‍ സര്‍വീസ് റോഡില്‍ ഇരു വശത്തും ഹമ്പ് സ്ഥാപിച്ചിട്ടുണ്ട്. ബി.സി റോഡില്‍ അടിപ്പാതയെത്തുന്നതിന് മുമ്പ് കുത്തനെയുള്ള ഇറക്കമാണ്. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ അമിത വേഗതയിലാണ് വരുന്നത്. ഹമ്പ് ശ്രദ്ധയില്‍പ്പെട്ടില്ലെങ്കില്‍ ഇത് വലിയ അപകടത്തിലേക്ക് നയിക്കും. പ്രത്യേകിച്ച് രാത്രിയാത്രകളിലാണ് ഹമ്പുകള്‍ അപകട ഭീഷണി സൃഷ്ടിക്കുന്നത്. പ്രധാന ജംഗ്ഷനുകളിലുള്ള അടിപ്പാതയിലൂടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും അടിപ്പാതയെയാണ് ആശ്രയിക്കുന്നത്.

ദേശീയപാതയിലെ അടിപ്പാതയ്ക്ക് സമീപമുള്ള സര്‍വീസ് റോഡുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് ഉത്തരദേശം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍ 26ന് പുലര്‍ച്ചെയാണ് നാലാംമൈലില്‍ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ ലോറി ഇടിച്ച് സീനിയര്‍ പൊലീസ് ഓഫീസര്‍ കെ.കെ സജീഷ് മരിച്ചത്. ഇതിന് പിന്നാലെയാണ് അടിപ്പാതയ്ക്ക് സമീപം വാഹനങ്ങളുടെ വേഗത കുറക്കാന്‍ ഹമ്പ് സ്ഥാപിച്ചത്.

Similar News