ചെര്‍ക്കളയില്‍ മേല്‍പ്പാലനിര്‍മ്മാണ ജോലിക്കിടെ കാല്‍ വഴുതി റോഡിലേക്ക് തെറിച്ച് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

അസം ബാല്‍പ്പേട്ടയിലെ റബികുല്‍ ഹൗക്ക് ആണ് മരിച്ചത്;

Update: 2025-09-10 04:22 GMT

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കള ടൗണില്‍ മേല്‍പ്പാലനിര്‍മ്മാണ ജോലിക്കിടെ അതിഥി തൊഴിലാളി വീണ് മരിച്ചു. അസം ബാല്‍പ്പേട്ടയിലെ റബികുല്‍ ഹൗക്ക്(27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടമുണ്ടായത്. ചെര്‍ക്കള ടൗണില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്ക് കയറുന്നതിന് വേണ്ടിയുള്ള മേല്‍പ്പാലത്തിന്റെ ജോലികള്‍ നടന്നുവരികയാണ്.

പാലത്തിന്റെ കോണ്‍ക്രീറ്റിങ്ങിന് കമ്പി കെട്ടുന്നതിനിടെ റബികുല്‍ ഹൗക്ക് കാല്‍ വഴുതി റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ചെങ്കള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അഞ്ചുമാസം മുമ്പാണ് റബികുല്‍ ഹൗക്ക് കാസര്‍കോട്ടേക്ക് ജോലിക്ക് വന്നത്. മേല്‍പ്പാലത്തില്‍ റബികുല്‍ ഹൗക്കിന് പുറമെ മറ്റ് അഞ്ച് അതിഥി തൊഴിലാളികള്‍ കൂടി ജോലി ചെയ്യുന്നുണ്ടായിരുന്നു.

ബെല്‍ട്ടും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളൊന്നും നല്‍കാതെയാണ് ഇവരെ ജോലി ചെയ്യിപ്പിക്കുന്നത്. ഇതാണ് ഒരു തൊഴിലാളിയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിവാഹിതനായ റബികുല്‍ ഹൗക്കിന് ഒരു കുട്ടിയുണ്ട്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

Similar News