സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഡി.സി.സി ഓഫീസില്‍ കയ്യാങ്കളി; ദൃശ്യം പുറത്തുവിട്ട കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
ഈസ്റ്റ് എളേരി പഞ്ചായത്തിലെയും ചിറ്റാരിക്കാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്;
കാസര്‍കോട്: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഡി.സി.സി ഓഫീസില്‍ കയ്യാങ്കളി. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് ഡി.സി.സി ഓഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സീറ്റുവിഭജന ചര്‍ച്ചക്കിടെയാണ് തര്‍ക്കം രൂക്ഷമായത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെയും ചിറ്റാരിക്കാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഡി.സി.സി വൈസ് പ്രസിഡണ്ട് ജയിംസ് പന്തമാക്കല്‍ ഉള്‍പ്പെടെയുള്ളവരാണ് ഡി.സി.സി ഓഫീസില്‍ കയ്യാങ്കളിയിലേര്‍പ്പെട്ടത്.
ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗം 2015ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ വികസന മുന്നണി(ഡി.ഡി.എഫ്) എന്ന പേരില്‍ മല്‍സരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ അധികാരത്തിലെത്തിയിരുന്നു. പിന്നീട് ഇവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. ഇത്തവണ പഞ്ചായത്തില്‍ ഏഴ് സീറ്റ് വേണമെന്നാണ് പന്തമാക്കല്‍ വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് വാസുദേവന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത്രയും സീറ്റുകള്‍ നല്‍കരുതെന്നാവശ്യപ്പെട്ടു.
വാസുദേവന്റെ അഭിപ്രായമനുസരിച്ചുള്ള തീരുമാനമാണ് ഡി.സി.സി നേതൃത്വം കൈക്കൊണ്ടത്. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി കെ.എം സഫ് വാനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിലും കയ്യാങ്കളിയിലുമേര്‍പ്പെടുന്ന രംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിട്ട് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്നതിനാണ് സഫ് വാനെതിരായ നടപടി.
ചിറ്റാരിക്കാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് വാര്‍ഡ് അംഗം എം.വി ലിജിനയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും വിമതവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രനാണ് സീറ്റ് നല്‍കിയത്. ഇതുസംബന്ധിച്ചും പ്രശ്നം രൂക്ഷമാണ്.