ഫാന്‍ ഫൈറ്റിന്റെ പേരില്‍ പെണ്‍കുട്ടിയുടെ നഗ്‌നചത്രം പ്രചരിപ്പിച്ച യുവാവ് കാസര്‍കോട് സൈബര്‍ പൊലീസിന്റെ പിടിയില്‍

മുംബൈ സ്വദേശി അംജദ് ഇസ്ലാമിനെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്;

Update: 2025-08-09 11:23 GMT

കാസര്‍കോട്: സെലിബ്രിറ്റിയുടെ ഫാന്‍ ഫൈറ്റിന്റെ പേരില്‍ യുവാവിനോടുള്ള വിരോധത്തില്‍ കുടുംബ ഫോട്ടോ കൈക്കലാക്കി പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ നഗ്‌നചിത്രം മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മുംബൈ സ്വദേശിയായ അംജദ് ഇസ്ലാം (19) എന്ന യുവാവിനെ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് മുംബൈയില്‍ നിന്നും സമര്‍ത്ഥമായി പിടികൂടി.

ജുലൈ 11 ന് ആണ് ഇതുസംബന്ധിച്ച പരാതി കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. പരാതിയില്‍ 16ാം തീയതി പോക്സോ, ഐ ടി ആക്ട് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ പ്രതി ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെകര്‍ വിപിന്‍ യു പി യുടെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ മടിക്കൈ, എസ്.സി.പി.ഒമാരായ സവാദ് അഷ്റഫ്, സുരേഷ് ടി വി, സി.പി.ഒ ഹരിപ്രസാദ് കെ വി എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയുടെ സ്വദേശം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ മുംബൈയിലേക്ക് തിരിച്ചു.

എന്നാല്‍ ചേരി പ്രദേശത്താണ് പ്രതി താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ നീക്കങ്ങള്‍ മനസിലാക്കി സംഘം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രതിയ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ മനസിലാക്കുകയും 60 കിലോമീറ്റര്‍ അപ്പുറത്തേക്ക് പ്രതിയെ തേടി വീണ്ടും യാത്ര തുടരുകയും ചെയ്തു.

മുംബൈ ടഡ് പോര്‍ പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്‌പെക്ടറും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരൊപ്പം പ്രതിക്ക് വേണ്ടിയുള്ള തിരച്ചിലില്‍ പങ്കാളിയായിരുന്നു. ഒടുവില്‍ 5 ദിവസത്തെ തെരച്ചിലിന് ശേഷം താമസ സ്ഥലത്തു വെച്ച് പ്രതിയെ പിടിക്കൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്‍സ്‌പെകര്‍ വിപിന്‍ യു പി, എസ്.ഐ രവീന്ദ്രന്‍ മടിക്കൈ, എ.എസ്.ഐ രഞ്ജിത് കുമാര്‍ പി, എസ്.സി.പി.ഒ സവാദ് അഷ്റഫ്, സുരേഷ് ടി വി, സി.പി.ഒ ഹരിപ്രസാദ് കെ വി തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.ഫാന്‍ ഫൈറ്റിന്റെ പേരില്‍ പെണ്‍കുട്ടിയുടെ നഗ്‌നചത്രം പ്രചരിപ്പിച്ച യുവാവ് കാസര്‍കോട് സൈബര്‍ പൊലീസിന്റെ പിടിയില്‍

Similar News