അടിപ്പാതയിലെ അപകട ഭീഷണി; സര്‍വീസ് റോഡില്‍ വേഗത കുറക്കാനുള്ള നടപടികള്‍ തുടങ്ങി

Update: 2025-10-04 10:21 GMT

കാസര്‍കോട്: ദേശീയപാത 66ല്‍ ആദ്യ റീച്ചായ ചെങ്കള-തലപ്പാടി റീച്ചിലെ സര്‍വീസ് റോഡില്‍ അടിപ്പാതയ്ക്ക് സമീപം നിലനില്‍ക്കുന്ന അപകട ഭീഷണി ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞാഴ്ച നാലാംമൈലില്‍ നടന്ന അപകടത്തിന് പിന്നാലെ അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങള്‍ നേരിടുന്ന അപകടഭീഷണി വ്യാപക ചര്‍ച്ചയായിരുന്നു. അടിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ജീവന്‍ പണയം വെച്ച് കടക്കേണ്ടത് സംബന്ധിച്ച് യാത്രക്കാരും ഡ്രൈവര്‍മാരും പൊതുജനങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ അമിത വേഗത അടിപ്പാതയ്ക്ക് സമീപത്ത് കുറക്കാനുള്ള നടപടികള്‍ക്ക് ദേശീയ പാത നിര്‍മാണ കമ്പനി തുടക്കമിട്ടത്. നിലവില്‍ അപകട ഭീഷണി നിലനില്‍ക്കുന്ന അടിപ്പാതകള്‍ക്ക് സമീപം സര്‍വീസ് റോഡില്‍ ഹമ്പുകള്‍ ഒരുക്കുകയാണ്. നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന നായന്‍മാര്‍മൂല, ബി.സി റോഡ്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ബി.സി റോഡിലെ അടിപ്പാതയില്‍ സര്‍വീസ് റോഡില്‍ ഇരു വശത്തും ഹമ്പ് സ്ഥാപിച്ചു. വിദ്യാനഗര്‍ ഭാഗത്തേക്ക് അടിപ്പാതയെത്തുന്നതിന് മുമ്പ് ഇവിടെ കുത്തനെയുള്ള ഇറക്കമായതിനാല്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ പോയിരുന്നത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങളും ഇരുവശത്തേക്കുമുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും വലിയ പ്രയാസത്തിലായിരുന്നു. സീബ്രാലൈനും ഹമ്പും ഒരുക്കിയതോടെ നിലവില്‍ വാഹനങ്ങളുടെ വേഗത കുറഞ്ഞു. പകല്‍ സമയങ്ങളില്‍ പ്രധാന അടിപ്പാതകള്‍ക്ക് സമീപം പൊലീസുകാരെയും ഗതാഗതം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അണങ്കൂര്‍ അടിപ്പാതയ്ക്ക് സമീപം വിദ്യാനഗര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡ് വളവായതിനാല്‍ അപകടം പതിയിരിക്കുന്നുണ്ട്. ഇവിടെ കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ വേഗത കുറക്കാനുള്ള സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.

ദേശീയപാതയിലെ അടിപ്പാതയ്ക്ക് സമീപമുള്ള സര്‍വീസ് റോഡുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് ഉത്തരദേശം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബര്‍ 26ന് പുലര്‍ച്ചെയാണ് നാലാംമൈലില്‍ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ ലോറി ഇടിച്ച് സീനിയര്‍ പൊലീസ് ഓഫീസര്‍ കെ.കെ സജീഷ് മരിച്ചത്.

Similar News