ജലോത്സവ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; തേജസ്വിനിയില്‍ ഇനി ചാമ്പ്യന്‍സ് ബോട്ട് ലീഗ്; ഉത്തരവുമായി ടൂറിസം വകുപ്പ്
കാസര്‍കോട്: ജില്ലയിലെ ജലോത്സവ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വിനോദ സഞ്ചാര വകുപ്പ്. ഉത്തരമലബാര്‍ ജലോത്സവം ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ (CBL) ഉള്‍പ്പെടുത്തി വിനോദസഞ്ചാര വകുപ്പ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച് തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലനാണ് സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഉത്തരമലബാര്‍ ജലോത്സവം സംഘടിപ്പിക്കും.
ഉത്തരം മലബാര്‍ ജലോത്സവം ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുതരുകയും ചെയ്തതായി എം.രാജഗോപാലന്‍ പറഞ്ഞു. .
കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തപെടുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍). ആദ്യ ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2019 ഓഗസ്റ്റ് 31 മുതല്‍ നവംബര്‍ ഒന്നുവരെ നടക്കും. ഒന്നാമതെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ സമ്മാനം ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും പത്തു ലക്ഷവും വീതം ലഭിക്കും. പൈതൃകസ്വഭാവം നിലനിറുത്തി നൂതനമായ മത്സരസ്വഭാവത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് ചുണ്ടന്‍വള്ളങ്ങള്‍ക്കുവേണ്ടി മത്സരം നടത്തുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ നടത്തുന്ന സിബിഎല്‍-ല്‍ 12 മത്സരങ്ങളുണ്ടായിരിക്കും. ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. തിരശീല വീഴുന്നത് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയായിരിക്കും. ഒന്‍പത് ടീമുകളാണ് ആദ്യ ലീഗില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലേത്തുന്നവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക നല്‍കുന്നത്. [2]
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ആറു ജില്ലകളിലാണ് നിലവില്‍ ലീഗ് സംഘടിപ്പിക്കുന്നത്. 1952-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതിഥിയായെത്തുകയും പിന്നീട് അദ്ദേഹം സമ്മാനിച്ച ട്രോഫിയുമായി നടത്തുന്നതുമായ നെഹ്റു ട്രോഫി മത്സരത്തോടെയാണ് സിബിഎല്ലിനു തുടക്കമിടുന്നത് ആ പാരമ്പര്യം നിലനിറുത്താനാണ്. ഇതടക്കം എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കു തുടങ്ങി അഞ്ചിന് അവസാനിക്കും. നെഹ്റു ട്രോഫിക്കും പ്രസിഡന്റ്സ് ട്രോഫിക്കും പുറമെ പുളിങ്കുന്ന്, കൈനകരി, കായംകുളം, കരുവാറ്റ, മറൈന്‍ ഡ്രൈവ്, പിറവം, പൊന്നാനി, കോട്ടപ്പുറം, താഴത്തങ്ങാടി, കല്ലട തുടങ്ങിയവയ്‌ക്കൊപ്പം ഇനി തേജസ്വിനിയിലെ ജലോത്സവവും സി.ബി.എല്ലില്‍ ഇടം നേടും.