വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗിലും ചിറ്റാരിക്കാലിലും കേസുകള്‍

തട്ടിപ്പ് നടത്തിയവരില്‍ തൃശൂര്‍ സ്വദേശികളും;

Update: 2025-09-11 05:17 GMT

കാഞ്ഞങ്ങാട്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗിലും ചിറ്റാരിക്കാലിലും പൊലീസ് കേസുകളെടുത്തു. ഉപ്പിലിക്കൈയിലെ കെ.വി. നിധിന്‍ ജിത്തിന്റെ (35) പരാതിയില്‍ തൃശൂര്‍ സ്വദേശികളായ ഗൗതം കൃഷ്ണ, പി.എസ് നന്ദു എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. നിധിനും രണ്ട് സുഹൃത്തുക്കള്‍ക്കും ജോലിയുള്ള ജര്‍മന്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

മറ്റൊരു സംഭവത്തില്‍ എളേരി സ്വദേശി കെ.ആര്‍.സജീവന്റെ (49) പരാതിയില്‍ ചിറപ്പുറം സ്വദേശി ഉല്ലാസിനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. നെതര്‍ലന്‍ഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. ഉല്ലാസിനെതിരെ വെള്ളരിക്കുണ്ട് പൊലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

വെള്ളരിക്കുണ്ട് അട്ടക്കാട്ടെ മുല്ലച്ചേരിയിലെ ആശിഷ് മോഹനന്റെ (28) പരാതിയിലായിരുന്നു കേസ്. പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി. വാങ്ങിയ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ തിരിച്ചു നല്‍കിയിരുന്നു.

Similar News