ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച 2 പേര്‍ അറസ്റ്റില്‍

ഉപ്പിനങ്ങാടിയിലെ സികെ അബൂബക്കര്‍ സിദ്ദീഖ്, സഹോദരന്‍ സികെ സമീറിന്റെ ഭാര്യ റുബീന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;

Update: 2025-09-18 04:34 GMT

കാസര്‍കോട്: ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ഉപ്പിനങ്ങാടിയിലെ സികെ അബൂബക്കര്‍ സിദ്ദീഖ്(41), സഹോദരന്‍ സികെ സമീറിന്റെ ഭാര്യ റുബീന(27) എന്നിവരെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്‍ അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ ചെര്‍ക്കള യൂണിറ്റ് പ്രസിഡന്റ് സി.എ മുഹമ്മദ് സവാദിനെ(32) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ഇരുവരും ഒളിത്താവളം ഒരുക്കിക്കൊടുത്തതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ജുലൈ 24 ന് രാത്രി ഒമ്പതുമണിയോടെ ചെര്‍ക്കള ടൗണില്‍ വച്ചാണ് അക്രമം നടന്നത്. കാറിലെത്തിയ സംഘം മുഹമ്മദ് നവാസിന്റെ തലയ്ക്കും നെറ്റിയിലും വെട്ടി പരിക്കേല്‍പ്പിക്കുകയും നിലത്തുവീണപ്പോള്‍ ഇരുമ്പുവടികൊണ്ട് കൈക്കും കാലിനും അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നവാസ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലും ചെങ്കള സഹകരണാസ്പത്രിയിലും ചികിത്സയില്‍ കഴിഞ്ഞിരുന്നു. നവാസിന്റെ തലയ്ക്കും നെറ്റിയിലുമായി 22 തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. സംഭവത്തില്‍ എടനീരിലെ സികെ ഇര്‍ഷാദ്, നെല്ലിക്കട്ടയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, ബംബ്രാണി സ്വദേശികളായ അബ്ദുള്‍ അഷറഫ്, ബിഎം അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Similar News