ആരിക്കാടി ടോള്‍ ഗേറ്റ്: പ്രതിഷേധം അവസാനിക്കുന്നില്ല; 14 മുതല്‍ അനിശ്ചിതകാല സമരം

Update: 2025-09-11 05:13 GMT

കുമ്പള: ദേശീയപാത 66 ആരിക്കാടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ടോള്‍ ഗേറ്റിനെതിരെ പ്രതിഷേധം അടങ്ങുന്നില്ല. ടോള്‍ ഗേറ്റ് നിര്‍മ്മാണം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ കര്‍മസമിതി തീരുമാനിച്ചു. കര്‍മസമിതി നല്‍കിയ അപ്പീലില്‍ സെപ്തംബര്‍ 15ന് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. അതിനിടയില്‍ നിലവിലെ സ്ഥിതി അറിയിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കര്‍മസമിതി യോഗത്തിലാണ് ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ 14 മുതല്‍ കുമ്പളയില്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചത്.

ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ നിന്ന് ദേശീയപാത അതോറിറ്റിക്ക് അനുകൂല വിധി ഉണ്ടായതിന് പിന്നാലെ നിര്‍മാണ പ്രവൃത്തി ടോള്‍ കമ്പനി തുടരുകയായിരുന്നു. ഇതിനിടെയാണ് കര്‍മസമിതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

ടോള്‍ ഗേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മസമിതി വിപുലീകരിച്ചിരിക്കുകയാണ്. ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതുവരെ നിര്‍മാണ പ്രവൃത്തി തുടങ്ങില്ല എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാല്‍ കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

Similar News