ആരിക്കാടി ടോള്‍ ഗേറ്റ് : നിര്‍മാണം തകൃതി; 8ന് ബഹുജന മാര്‍ച്ച്

അപ്പീല്‍ 9ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.;

Update: 2025-09-04 10:13 GMT

കുമ്പള: ജനങ്ങളുടെ പ്രതിഷേധം കനക്കുമ്പോഴും കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ആരിക്കാടിയില്‍ ദേശീയപാതയില്‍ ടോള്‍ ഗേറ്റ് നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ച പശ്ചാത്തലത്തില്‍ സ്ഥലത്തേക്ക് തിങ്കളാഴ്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മസമിതി വിപുലീകരിച്ചിരിക്കുകയാണ്. കര്‍മ സമിതി നല്‍കിയ അപ്പീല്‍ ഓണത്തിന് ശേഷം 9ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. അപ്പീല്‍ പരിഗണിക്കാനുള്ള കാലയളവ് മുതലെടുത്ത് നിര്‍മാണ കമ്പനി ടോള്‍ ഗേറ്റ് നിര്‍മാണം ത്വരിതപ്പെടുത്തുകയായിരുന്നു.

ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം ടോള്‍ ഗേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഗതാഗതം തടസ്സപ്പെടുത്തി എന്നാരോപിച്ച് പ്രവര്‍ത്തകരില്‍ ചിലര്‍ക്കെതിരെ കേസെടുത്തിരുന്നു.

ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

Similar News