പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അജ് മീരില്‍ അറസ്റ്റില്‍
നാരംപാടി സ്വദേശിയായ അബ്ദുല്‍ റസാഖിനെ ആണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്;
ബദിയടുക്ക: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. നാരംപാടി സ്വദേശിയായ അബ്ദുല്‍ റസാഖിനെ(35) ആണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക എ എസ് ഐ മുഹമ്മദ്, സിപിഒ മാരായ ഗോകുല്‍, ശ്രീനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം കര്‍ണ്ണാടക അജ്മിരില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2023ല്‍ ബദിയടുക്ക പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് റസാഖ്.
കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചു. അന്വേഷിക്കുന്നതിനിടെ പ്രതി വേഷം മാറി അജ്മിരില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്നാണ് പൊലീസ് സംഘം അജ് മീരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.