16 കാരനെ പീഡിപ്പിച്ച കേസില്‍ 3 പ്രതികള്‍ കൂടി റിമാണ്ടില്‍; ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍
ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാണ്ട് ചെയ്തത്;
കാഞ്ഞങ്ങാട്: ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി റിമാണ്ടില്‍. പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ സി.ഗിരീഷ്(47), കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ പ്രജീഷ് എന്ന ആല്‍ബിന്‍(40), കോഴിക്കോട് മാങ്കാവ് സ്വദേശി അബ്ദുള്‍ മനാഫ്(37) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ഗിരീഷ് പയ്യന്നൂരിലെ വീട്ടിലെത്തിയും പെരുമ്പയിലെ കണ്ണട കടയില്‍ മാനേജരായ ആല്‍ബിന്‍ പയ്യന്നൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചും, അബ്ദുള്‍ മനാഫ് കോഴിക്കോട്ടെ രണ്ട് ലോഡ്ജുകളില്‍ വച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.
ഈ കേസില്‍ ബേക്കല്‍ എ.ഇ.ഒ വി.കെ സൈനുദ്ദീന്‍, റെയില്‍വെ ക്ലറിക്കല്‍ ജീവനക്കാരന്‍ ചിത്രരാജ് എന്നിവര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കഴിഞ്ഞദിവസം കോടതി റിമാണ്ട് ചെയ്തിരുന്നു. ചിത്രരാജ് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അല്ലെന്നാണ് റെയില്‍വെ അറിയിച്ചത്. മുമ്പ് ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്ന ചിത്രരാജിനെ അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ക്ലറിക്കല്‍ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
നിലവില്‍ 16 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 12 പേര്‍ അറസ്റ്റിലായി. മുസ്ലീം ലീഗ് പ്രാദേശിക നേതാവായ തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ്(46) ഉള്‍പ്പെടെ നാലുപേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. വീടുകളും ലോഡ്ജ് മുറികളും കേന്ദ്രീകരിച്ചാണ് കാസര്‍കോട് ജില്ലയില്‍ പീഡനം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
16കാരനെ പീഡിപ്പിക്കുന്നതിന് സൗകര്യം ചെയ്തുകൊടുത്തവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില ലോഡ്ജുകളില്‍ ഇതിന് മാത്രമായി സൗകര്യം ചെയ്തുകൊടുക്കുന്നുണ്ടെന്നും സൂചനയുണ്ട്.